പുണ്യാളൻ അഗർബത്തീസ് അല്ല: കെഎസ്ആർടിസി കൊറിയർ സർവീസിനു തുടക്കം

16 മണിക്കൂറിനുള്ളിൽ കെഎസ്ആർടിസി കൊറിയർ എത്തിക്കും, 200 കിലോ മീറ്ററിനുള്ളിൽ 25 ഗ്രാം പാർസലിന് 30 രൂപ മുതൽ നിരക്ക്
പുണ്യാളൻ അഗർബത്തീസ് അല്ല: കെഎസ്ആർടിസി കൊറിയർ സർവീസിനു തുടക്കം
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പാഴ്‌സൽ സർവീസിനെ കണക്കിനു കളിയാക്കിയ ജയസൂര്യ ചിത്രമായിരുന്നു പുണ്യാളൻ അഗർബത്തീസ്. എന്നാൽ, കാലം മാറി. കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനങ്ങളെത്തിക്കുന്ന കൊറിയര്‍ സര്‍വീസിന് കെഎസ്ആർടിസി തുടക്കം കുറിച്ചിരിക്കുന്നു.

കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് ബസുകളിലൂടെ തന്നെയാണ് കൊറിയര്‍ സര്‍വീസ് നടത്തുക. തുടക്കത്തില്‍ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 55 ഡിപ്പോകളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്ക് തൊട്ടടുത്തുളള ഡിപ്പോകളില്‍ നിന്ന് കൊറിയര്‍ കൈപ്പറ്റാവുന്ന രീതിയിലായിരിക്കും പ്രവർത്തനം.

കേരളത്തിന് പുറമെ ബംഗളൂരു, മൈസൂരു, തെങ്കാശി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ തുടങ്ങിയ ഡിപ്പോകളിലേക്കും പ്രാരംഭ ഘട്ടത്തില്‍ കൊറിയര്‍ സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസില്‍ തന്നെയാണ് കൊറിയര്‍ സര്‍വീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

നഗരങ്ങളിലും ദേശീയപാതയ്ക്ക് സമീപത്തു പ്രവര്‍ത്തിക്കുന്ന 15 ഡിപ്പോകളിലെ കൊറിയര്‍ സര്‍വീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. മറ്റ് ഡിപ്പോകളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാകും പ്രവര്‍ത്തിക്കുക.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഫ്രൈാഞ്ചൈസികളും അനുവദിക്കും. നിലവിലുളള കൊറിയര്‍ സര്‍വീസ് കമ്പനികള്‍ക്കും കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സംവിധാനം പ്രയോജനപ്പെടുത്താം.

200 കിലോമീറ്റര്‍ പരിധിയില്‍ 25 ഗ്രാം പാഴ്‌സലിന് 30 രൂപയാണ് ചാര്‍ജ്. 50 ഗ്രാം 35 രൂപ, 75 ഗ്രാം 45 രൂപ, 100 ഗ്രാം 50 രൂപ, 250 ഗ്രാം 55 രൂപ, 500 ഗ്രാം 65 രൂപ, ഒരു കിലോ 70 രൂപ എന്നിങ്ങനെയാണ് നിരക്ക്. 200, 400, 600, 800, 800 കിലോമീറ്ററിന് മുകളില്‍ എന്നിങ്ങനെ തരം തിരിച്ചാണ് ചാര്‍ജ് ഈടാക്കുന്നത്.

കൊറിയര്‍ അയക്കാനുളള സാധനങ്ങള്‍ പാക്ക് ചെയ്ത് കൃത്യമായ മേല്‍വിലാസത്തോടെ ഡിപ്പോകളില്‍ എത്തിക്കണം. അയയ്‌ക്കുന്ന ആളിനും പാഴ്‌സല്‍ സ്വീകരിക്കുന്ന ആളിനും അപ്‌ഡേറ്റുകള്‍ ഫോൺ വഴി മെസേജായി ലഭിക്കും. പാഴ്‌സല്‍ സ്വീകരിക്കാന്‍, സാധുതയുളള തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തണം. മൂന്ന് ദിവസത്തിനുളളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും.

സ്വകാര്യ കൊറിയര്‍ സര്‍വീസിനെക്കാള്‍ നിരക്ക് കുറവാണെന്നതും വേഗത്തില്‍ കൊറിയര്‍ ആവശ്യക്കാരിലേക്ക് എത്തും എന്നതും കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസിനെ സ്വീകാര്യമാക്കുമെന്നാണ് പ്രതീക്ഷ.

കൊറിയർ സർവീസ് ആദ്യഘട്ടത്തിൽ ലഭ്യമാകുന്ന ഡിപ്പോകൾ

തിരുവനന്തപുരം സെൻട്രൽ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, ബത്തേരി, കണ്ണൂർ, കാസർഗോഡ് , ആറ്റിങ്ങൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്‌, കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, അടൂർ, ആലപ്പുഴ, കായംകുളം, പാല, ചങ്ങനാശേരി, മൂന്നാർ, അങ്കമാലി, ആലുവ, ഗുരുവായൂർ, മലപ്പുറം, കൽപ്പറ്റ, പയ്യന്നൂർ, കാട്ടാക്കട, കിളിമാനൂർ, പൂവാർ, വിഴിഞ്ഞം, പുനലൂർ, ചെങ്ങന്നൂർ, ചേർത്തല, ഹരിപ്പാട്‌, ഈരാറ്റുപേട്ട, പൊൻങ്കുന്നം, തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി, നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി, താമരശേരി, തൊട്ടിൽപ്പാലം, മാനന്തവാടി, തലശേരി.

വിശ്വസ്തവും, സമയബന്ധിതവും: മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: പൊതു ഗതാഗത സംവിധാനമെന്ന നിലയിൽ കെഎസ്ആർടിസി നേടിയ വിശ്വാസ്യത നിലനിർത്തിക്കൊണ്ടാണ് കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ആർടിസിയുടെ വരുമാന വർധനവും വൈവിധ്യ വൽക്കരണവും ഇതിലൂടെ ലക്ഷ്യമാക്കുന്നു.

കൊറിയർ മേഖലയിൽ നിലനിൽക്കുന്ന ചൂഷണം അവസാനിപ്പിക്കുന്നതോടൊപ്പം 30ശതമാനം വരെ ചാർജിനത്തിൽ കുറവും ജനങ്ങൾക്ക് ലഭിക്കും. വരുമാനത്തിനനുസൃതമായി ജീവനക്കാർക്ക് ഇൻസന്‍റീവ് നൽകുന്നതിനും ധാരണയായിട്ടുണ്ട്. നവീനമായ സൂപ്പർ ക്ലാസ് ബസുകൾ, ഇലക്ട്രിക് ബസുൾപ്പെടുന്ന സിറ്റി സർക്കുലർ ബസ്, ഗ്രാമ വണ്ടി സേവനം, ബജറ്റ് ടുറിസം, യാത്ര ഫ്യുവൽ പെട്രോൾ പമ്പുകൾ തുടങ്ങി വൈവിധ്യമാർന്ന വിവിധ പദ്ധതികളിലൂടെ കെഎസ്ആർടിസി വരുമാനം ഉയർത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചകൊറിയർ ഔട്ട് ലെറ്റിൽ മന്ത്രി ആദ്യ കൊറിയർ ഏറ്റുവാങ്ങി.

Trending

No stories found.

Latest News

No stories found.