വരുമാനം കുറഞ്ഞ ഷെഡ്യൂളുകൾ റദ്ദാക്കും; ചെലവ് ചുരുക്കാൻ പുതിയ നിർദേശവുമായി കെഎസ്ആർടിസി

ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും കുറവുള്ള ട്രിപ്പുകളുടെ വിവരം പ്രത്യേകം അറിയിക്കാനും യൂണിറ്റ് മേധാവികളോട് മാനെജ്മെന്‍റ് നിര്‍ദേശിച്ചു
ksrtc to cancel low revenue schedules
ചെലവ് ചുരുക്കാൻ പുതിയ നിർദേശവുമായി കെഎസ്ആർടിസിfile image
Updated on

തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കാനും അനാവശ്യ ചെലവ് കുറയ്ക്കാനുമുള്ള പുതിയ നയത്തിന്‍റെ ഭാഗമായി കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാന്‍ തയ്യാറെടുത്ത്‌ കെഎസ്ആര്‍ടിസി.

ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും കുറവുള്ള ട്രിപ്പുകളുടെ വിവരം പ്രത്യേകം അറിയിക്കാനും യൂണിറ്റ് മേധാവികളോട് മാനെജ്മെന്‍റ് നിര്‍ദേശിച്ചു. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നേരത്തേയും ഇത്തരത്തിലുള്ള ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി സ്റ്റേ സർവീസുകളടക്കം വെട്ടിച്ചുരിക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഡീസൽ ചെലവ് വർധിച്ചതും ടിക്കറ്റ് ഇതര വരുമാനം കാര്യമായി ലഭിക്കാതെയായതും കണക്കിലെടുത്താണ് പുതിയ തീരുമാനം.

കോർപ്പറേഷനിൽ ശമ്പള വിതരണം വർഷങ്ങളായി സർക്കാർ സഹായത്തിൽ നിന്നും ആണ് നടത്തിവരുന്നത്. പലപ്പോഴും ഘട്ടങ്ങളായും വൈകിയുമൊക്കെയുമാണ് വിതരണം. ഇതും വലിയ പരാതിയായതോടെ പുതിയ ചിലപരിഷ്കാരങ്ങൾ നടപ്പാക്കി പരാതികൾ പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.

നടത്തിക്കൊണ്ടു പോകാനുള്ള ചെലവ് ലഭിക്കാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും പുനഃക്രമീകരിച്ച് സര്‍വീസ് നടത്തണമെന്നും എന്നിട്ടും നിശ്ചിത വരുമാനം ലഭിച്ചില്ലെങ്കില്‍ അത് റദ്ദാക്കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്. കിലോമീറ്ററിന് 70 രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്ന അഡീഷണല്‍ സര്‍വീസുകളോ ട്രിപ്പുകളോ നടത്തുന്നതിന് യൂണിറ്റ് മേധാവികള്‍ക്ക് അനുമതിയുണ്ടാകും. തീരെ വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ നടത്തിയാല്‍ അതിന് ഉത്തരവാദിയായവര്‍ കാരണം ബോധിപ്പിക്കേണ്ടിവരും.

യൂണിറ്റുകളിലെ അംഗീകൃത തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെയും വിവിധ വിഭാഗം മേധാവികളുടെയും യോഗം ചേര്‍ന്ന് അവരുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി ചീഫ് ഓഫീസിലേക്ക് അയയ്ക്കണമെന്നും നിർദേശമുണ്ട്. കണ്ടക്റ്റര്‍, ഡ്രൈവര്‍ വിഭാഗം ജീവനക്കാരുടെയും ബസിന്‍റെയും കുറവുണ്ടെങ്കില്‍ അതും അറിയിക്കണം. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്‍റെ ഭാഗമായി ബസ് സ്റ്റേഷനുകളില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഒരുക്കണമെന്നും പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്തണമെന്നും നിര്‍ദേശത്തിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.