ഉദ്യോഗസ്ഥരിലെ തട്ടിപ്പുകാരെ തുറന്നുകാട്ടാൻ കെ.ടി. ജലീലിന്‍റെ പോർട്ടൽ
തിരുവനന്തപുരം: ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുന്നതിനായി പോർട്ടൽ തുടങ്ങുമെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ ഡോ. കെ.ടി. ജലീൽ. എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയും എസ്പി സുജിത് ദാസിനെതിരെയും ഇപ്പോഴത്തെ എസ്പി ശശിധരനെതിരെയും പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് തയാറാകുമെന്നാണ് കരുതുന്നത്. ഏത് ഗൗരവമുള്ള കേസുകളും ഒന്നുമല്ലാതാക്കാൻ പ്രാപ്തിയും ശേഷിയുമുള്ളവരാണ് ഇവർ. ജനപ്രതിനിധികളെ പുച്ഛിക്കുകയും കാര്യം കിട്ടാൻ രാഷ്‌ട്രീയ നേതാക്കളുടെ കാലുപിടിക്കുകയും ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥർ തുറന്നുകാട്ടപ്പെടേണ്ടവരാണെന്ന് ജലീൽ ഫെയ്സ് ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
സിവിൽ സർവീസ് പരീക്ഷയെഴുതി വിജയിക്കാൻ അത്യധ്വാനം ചെയ്ത് പഠിക്കുന്നതും ഐപിഎസ് പട്ടം നേടുന്നതും ജനങ്ങളെയും നാടിനെയും സേവിക്കാനുള്ള ത്വരകൊണ്ടാണെന്നാണ് നാം കരുതുക. സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങൾ അറിയുന്നവരാണോ ഉന്നതശ്രേണിയിലെ പോലീസ് ഉദ്യോഗസ്ഥർ? ഭൂരിപക്ഷം പേരും അങ്ങിനെ അല്ലെന്നാണ് പലരുടെയും അനുഭവം. പ്രാദേശിക രാഷ്‌ട്രീയക്കാർക്ക്, അവരേത് പാർട്ടിക്കാരാണെങ്കിലും പൊലീസ് സ്റ്റേഷനിൽ വിലയില്ലെങ്കിൽ അവിടെപ്പിന്നെ കയറിപ്പറ്റുക നാട്ടിലെ മാഫിയാ സംഘങ്ങളും സമ്പന്നരുമായിരിക്കും.
ഐപിഎസുകാരായി റിട്ടയർ ചെയ്തവരുടെ വീടും വീട്ടിലെ ഫർണിച്ചറുകളും സ്വത്തും കാറും ബിസിനസ് ബന്ധങ്ങളും മക്കളുടെ ആഡംബര ജീവിതവും നിരീക്ഷിച്ചാൽ ആരൊക്കെയാണ് മര്യാദക്കാരായ കുഞ്ചികസ്ഥാനീയരായ പൊലീസ് ഓഫീസർമാർ എന്ന് ബോധ്യമാകും. എല്ലാവരും മോശക്കാരാണെന്നല്ല പറയുന്നത്. സത്യസന്ധരും നിഷ്കപടരുമുണ്ട്. അവർക്ക് പക്ഷെ, സേനയിൽ സ്വാധീനം കുറവാകുമെന്നും അദ്ദേഹം പറഞ്ഞു.