കെടിഡിഎഫ്സിയുടെ ലൈസൻസ് റദ്ദാക്കൽ കേരള ബാങ്കിനെയും ബാധിക്കും

കാലാവധി എത്തിയ 28ഓളം സ്ഥിരനിക്ഷേപങ്ങള്‍ക്കായി കെടിഡിഎഫ്സി കയറിയിറങ്ങുകയായിരുന്നു ശ്രീരാമകൃഷ്ണ മിഷന്‍ അധികൃതര്‍. സര്‍ക്കാര്‍ പണം നല്‍കട്ടെ എന്നാണ് കെടിഡിഎഫ്സി അധികൃതര്‍ നിലപാടെടുത്തത്.
KTDFC
KTDFC
Updated on

കൊച്ചി: കൊൽക്കത്ത ആസ്ഥാനമായ ശ്രീരാമകൃഷ്ണ മിഷനിൽ നിന്നു 170 കോടി രൂപ സ്ഥിര നിക്ഷേപമായി സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നൽകാൻ കഴിയാത്തതിനാൽ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്‍റ് ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ (കെടിഡിഎഫ്സി) ബാങ്കിതര ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കും. റിസർവ് ബാങ്ക് ഗവർണർ പ്രത്യേക ദൂതൻ മുഖേന ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു.

പണം സര്‍ക്കാര്‍ തിരികെ നല്‍കിയില്ലെങ്കിൽ റിസര്‍വ് ബാങ്ക് നിര്‍ദേശം ചൂണ്ടിക്കാട്ടി മഠം അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കും. നിയമപരമായി നിക്ഷേപം തിരികെ നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനായതിനാല്‍ ഹൈക്കോടതിയില്‍ നിന്നും എതിരായ വിധിയ്ക്കു സാധ്യതയില്ല.

കെടിഡിഎഫ്സിയില്‍ നിക്ഷേപിച്ച തുക കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് ഗ്യാരന്‍റി സര്‍ക്കാര്‍ ആയതിനാല്‍ തുക സര്‍ക്കാര്‍ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയത്. പണം തിരികെ നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനു തന്നെയാണ് കെടിഡിഎഫ്സി എംഡിയ്ക്ക് അയച്ച കത്തില്‍ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

കാലാവധി എത്തിയ 28ഓളം സ്ഥിരനിക്ഷേപങ്ങള്‍ക്കായി കെടിഡിഎഫ്സി കയറിയിറങ്ങുകയായിരുന്നു ശ്രീരാമകൃഷ്ണ മിഷന്‍ അധികൃതര്‍. തിരുവനന്തപുരത്തേക്ക് നിയമ വിദഗ്ധരുടെ ഒരു ടീമുമായാണ് മിഷന്‍ അധികൃതര്‍ എത്തിയത്. പക്ഷേ, നിരാശയായിരുന്നു ഫലം. തങ്ങളുടെ കൈയില്‍ പണമില്ല, ഗ്യാരന്‍റി സര്‍ക്കാരാണ്, അതിനാല്‍ സര്‍ക്കാര്‍ പണം നല്‍കട്ടെ എന്നാണ് കെടിഡിഎഫ്സി അധികൃതര്‍ നിലപാടെടുത്തത്. ഇതോടെയാണ് ഇവര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചത്. കെടിഡിഎഫ്സിയില്‍ പണം നിക്ഷേപിച്ച വേറെ ചിലരും റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. ഇതോടെയാണ് ഈ കാര്യത്തില്‍ അടിയന്തര റിസര്‍വ് ബാങ്ക് നിര്‍ദേശം വന്നത്.

വൻ ബാധ്യതയുള്ളതിനാൽ കേരള ബാങ്കിനെയും കെടിഡിഎഫ്സിയുടെ വീഴ്ച പ്രതികൂലമായി ബാധിക്കും. മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിർദേശപ്രകാരം കെഎസ്ആർടിസിക്കു വേണ്ടി 356 കോടി രൂപ ഈടില്ലാതെ കെടിഡിഎഫ്സിക്കു കേരള ബാങ്ക് കടം നൽകിയിരുന്നു. ആ കടം നിഷ്ക്രിയ ആസ്തിയായി മാറി. മുതലും പലിശയും കൂട്ടുപലിശയുമായി അതു 900 കോടി കവിഞ്ഞിരിക്കുകയാണ്. 910 കോടി രൂപ തങ്ങൾക്കു തിരികെ നൽകണമെന്നും അല്ലെങ്കിൽ കെടിഡിഎഫ്സിയുടെ ആസ്തികൾ ഏറ്റെടുക്കുമെന്നും കാണിച്ച് കേരള ബാങ്ക് കെടിഡിഎഫ്സിക്ക് കത്തു നൽകിയിരുന്നു.

കെടിഡിഎഫ്സി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്കു സംസ്ഥാന സർക്കാരിന്‍റെ ഗാരന്‍റിയുള്ളതാണ്. കെടിഡിഎഫ്സിക്കു പണം നൽകാൻ കഴിയുന്നില്ലെങ്കിൽ ഗാരന്‍റി പ്രകാരം സംസ്ഥാന സർക്കാർ ആ പണം നൽകണമെന്നാണ് ചട്ടം. അതു നടക്കാതിരുന്നതോടെ സംസ്ഥാന ഗാരന്‍റിക്കും വിലയില്ലാതായി.

Trending

No stories found.

Latest News

No stories found.