തിരുവനന്തപുരം: കുടുംബശ്രീ മിഷന്‍റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കിഴ് ഘടകങ്ങളേയും വിവരാവകാശത്തിന്‍റെ പരിധിയിലുൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിറക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്‍റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസര്‍മാരെ നിയോഗിച്ച് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഇതോടെ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നല്‍കാം. അപേക്ഷയുടെ പ്രാധാന്യം പരിശോധിച്ച് 248 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളില്‍ അഞ്ച് ദിവസത്തിനകം നടപടി ആരംഭിക്കും. ഇതിന്മേല്‍ പരാതിയുണ്ടെങ്കില്‍ ഏതൊരാള്‍ക്കും കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് അപ്പീല്‍ നല്കാം. അവിടെനിന്നും വിവരം കിട്ടിയില്ലെങ്കില്‍ വിവരാവകാശ കമ്മിഷനെ സമീപിക്കാം.
മലപ്പുറം ജില്ലയില്‍ സിഡിഎസ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈപ്രവര്‍ത്തനം നടത്തിയിരുന്ന കുളത്തൂര്‍ മൊയ്തീന്‍കുട്ടിമാഷിന്‍റെ അപേക്ഷ തീര്‍പ്പാക്കവേയാണ് എല്ലാ യൂണിറ്റുകളെയും നിയമത്തിന്‍റെ പരിധിയില്‍ വരുത്തി ഉത്തരവായത്. കുടുംബശ്രീ മിഷന്‍റെ ഭരണ ഘടന, ഓഫീസ് മെമ്മോറാണ്ടം, ആദ്യ കമ്മറ്റി മിനുട്സ് തുടങ്ങിയ രേഖകള്‍ ചോദിച്ച് 2010 ല്‍ കുടുംബശ്രീയുടെ ആസ്ഥാനത്ത് സമര്‍പ്പിച്ച അപേക്ഷ നിരസിച്ച മിഷന്‍റെ നടപടി തള്ളിയ കമ്മിഷന്‍ ഉത്തരവിനെതിരെ കുടുംബശ്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കമ്മിഷന്‍റെ ഉത്തരവ് സാധൂകരിച്ച കോടതി നിർദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ച കമ്മിഷണര്‍ എ.എ. ഹക്കീം ഹര്‍ജി തീര്‍പ്പാക്കിയ വിധിയിലാണ് മുഴുവന്‍ യൂണിറ്റുകളെയും നിയമത്തിന്‍റെ പരിധിയില്‍ ആക്കി ഉത്തരവായത്.