ചേലക്കര: ജാതി രാഷ്ട്രീയത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്വരാഷ്ട്രീയമാണ് കുഴല്‍നാടന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയാകേണ്ട ആളാണെന്നാണ് ഇപ്പോള്‍ പറയുന്നത്. രാധാകൃഷ്ണനെതിരേ ഇവരെല്ലാം എന്തെല്ലാം പറഞ്ഞതാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്ഥാനത്ത് സിപിഎമ്മിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ നേതാവായി കെ.രാധാകൃഷ്ണനെ ഉയര്‍ത്തികൊണ്ടുവന്നത് ഞങ്ങളാണെന്നും ഗോവിന്ദൻ പ്രതികരിച്ചു.
രാധാകൃഷ്ണന്‍റെ ജാതി പറഞ്ഞുകൊണ്ടാണ് കുഴല്‍നാടന്‍ എത്തിയത്. അത് സ്വത്വരാഷ്ട്രീയമാണ്. സ്വത്വരാഷ്ട്രീയം യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ മുതലാളിത്തത്തിന്‍റെ ഒരു മുഖമാണെന്നും ഗോവിന്ദൻ പ്രതികരിച്ചു. കുഴല്‍നാടന്‍ ജാതി രാഷ്ട്രീയം കളിക്കുകയാണ്. ഇതിനു മുമ്പ് യുഡിഎഫിന്‍റെ സര്‍ക്കാരുണ്ടായിരുന്ന സമയം എല്ലാ സന്ദര്‍ഭത്തിലും പട്ടികജാതി മന്ത്രിയുണ്ടായിരുന്നോ എന്ന് ചോദിച്ച ഗോവിന്ദൻ എന്തെങ്കിലും കാര്യലാഭത്തിനു വേണ്ടി എന്തും ഉപയോഗിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരു പ്രയോഗമാണ് കുഴൽ നാടൻ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ ഒരു ദലിത് മുഖ്യമന്ത്രിയുടെ സാധ്യത ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കെ. രാധാകൃഷ്ണനെ ഡൽഹിക്കയച്ചതെന്നായിരുന്നു മാത്യു കുഴൽ നാടൻ എംഎൽഎയുടെ പരാമർശം. ഈ തെരഞ്ഞെടുപ്പിൽ ചേലക്കര ഇതിന് മറുപടി നൽകുമെന്നും കുഴൽനാടൻ പ്രതികരിച്ചു.
ഇഎംഎസ് മന്ത്രിസഭയിൽ തുടങ്ങി ഇതുവരെയും പട്ടികജാതി വിഭാഗത്തിന് മന്ത്രിമാർ ഉണ്ടായിരുന്നു. ഇതാണ് പിണറായി ഇല്ലാതാക്കിയതെന്നും എതെങ്കിലും സാഹചര്യത്തിൽ പിണറായി രാജിവയ്ക്കേണ്ടി വന്നാൽ മുഖ്യമന്ത്രി കെ.രാധാകൃഷ്ണനാണെന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു തന്നെ മാറ്റിനിർത്തിയതെന്നും കുഴൽ നാടൻ ആരോപിച്ചു.