ന്യൂഡൽഹി: കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് റെയ്ൽ ഭവനിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന് ഗുണകരമായ പ്രതികരണമാണ് കേന്ദ്രമന്ത്രിയിൽ നിന്ന് ഉണ്ടായതെന്നും ഉന്നയിച്ച ആവശ്യങ്ങളിലെല്ലാം പോസിറ്റീവായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചെന്നും കെ.വി. തോമസ് വ്യക്തമാക്കി.
നേമം കോച്ചിങ് ടെർമിനൽ പ്രോജക്റ്റ് നടപ്പിലാക്കണമെന്നതാണ് പ്രധാനമായി ആവശ്യപ്പെട്ടത്. അങ്കമാലി- എരുമേലി ശബരി ന്യൂലൈൻ പദ്ധതി ഏറെ അനിവാര്യമാണെന്നും ലക്ഷക്കണക്കിന് ശബരിമല തീർഥാടകർക്ക് ഇത് ഉപയോഗപ്പെടുമെന്നും അറിയിച്ചു. ഇതിന്റെ 50% ചെലവ് കേരള സർക്കാർ വഹിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ കത്തും കൈമാറി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ബദൽ അലൈൻമെന്റ് കൂടി പരിശോധിക്കുകയാണെന്നും, അത് പൂർത്തിയായാൽ മുൻഗണന നൽകി പദ്ധതി പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കാഞ്ഞങ്ങാട് - പാണത്തൂർ - കാണിയൂർ ന്യൂ ലൈൻ പ്രോജക്റ്റാണ് മറ്റൊരു പ്രധാന പദ്ധതി. ഇതിന്റെയും 50% ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. ഗുരുവായൂർ - തിരുനാവായ ന്യൂ ലൈൻ പ്രോജക്റ്റും തലശേരി - മൈസൂർ - നിലമ്പൂർ - നഞ്ചൻഗുഡ ന്യൂലൈൻ പ്രോജക്റ്റുമാണ് ചർച്ച ചെയ്ത മറ്റ് പദ്ധതികൾ. ഇതിൽ തലശരി - നഞ്ചൻഗുഡ ലൈനിന്റെ കേരളത്തിലെ സർവെ പൂർത്തിയായിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിയും ചർച്ച ചെയ്തു. അവതരിപ്പിച്ച എല്ലാ പ്രോക്റ്റുകളിലും നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി.
വ്യക്തിഗത റോഡ് ഗതാഗത സാന്ദ്രത ഏറ്റവും കൂടിയ രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാനത്തെ റെയ്ൽവേ വികസനത്തിന് അടിയന്തിര പ്രാധാന്യം നൽകാൻ കേന്ദ്രം തയാറാണെന്നും അദ്ദേഹം പറഞ്ഞു. പാത ഇരട്ടിപ്പിക്കൽ വേഗത്തിൽ പൂർത്തിയാകുന്നതിന് ആവശ്യമായ ഇടങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നു കേന്ദ്രമന്ത്രി നിർദേശിച്ചു.
കേരളത്തിന്റെ ഗതാഗത സാഹചര്യം നേരിൽ കാണുന്നതിനും തുടർ ചർച്ചകൾക്കുമായി അദ്ദേഹത്തെ ക്ഷണിച്ചു. കേരളം സന്ദർശിക്കുന്നതിനും മുഖ്യമന്ത്രിയുമായി തുടർ ചർച്ച നടത്തുന്നതിനും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സമ്മതിച്ചു- കെ.വി. തോമസ് വ്യക്തമാക്കി.