കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡിന്‍റെ ജലസംഭരണികളില്‍ ജലനിരപ്പ് പ്രതീക്ഷിച്ചപോലെ ഉയര്‍ന്നില്ല. ഈ മാസം ഇതുവരെ പ്രതീക്ഷിച്ചത് 237 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദനത്തിനുള്ള നീരൊഴുക്കാണ്. എന്നാല്‍ 157 ദശലക്ഷം യൂണിറ്റിനുള്ള ജലം മാത്രമേ ഒഴുകിയെത്തിയുള്ളൂ.
വേനല്‍മഴ കിട്ടിയതോടെ ആശ്വാസത്തിലായിരുന്നു വൈദ്യുതി ബോര്‍ഡ്. എന്നാല്‍ കാലവര്‍ഷം തുടങ്ങി മുന്നാഴ്ച പിന്നിട്ടിട്ടും ജലവൈദ്യുതി പദ്ധതികളുടെ അണക്കെടുകളില്‍ പ്രതീക്ഷിച്ച നീരൊഴുക്ക് ലഭിച്ചില്ല.
ഈ മാസം 237 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദനത്തിനുള്ള ജലം ഒഴുകിയെത്തുമെന്നായിരുന്നു കണക്കുകൂട്ടിത്. കിട്ടിയത് 157 ദശലക്ഷം യൂണിറ്റിനുള്ള ജലം മാത്രം. ഇടുക്കി ഉള്‍പ്പടെ എല്ലാ ജലസംഭരണികളിലും പ്രതീക്ഷയ്ക്കൊത്ത് നീരൊഴുക്ക് കിട്ടിയില്ല. വേനല്‍ക്കാലത്ത് ഉത്തർപ്രദേശ്, പഞ്ചാബ്, ബി. എസ്. ഇ. എസ്. എന്നിവിടങ്ങളിൽ നിന്നും സ്വാപ് എഗ്രിമെന്‍റ് അഥവാ കൈമാറ്റ ഉടമ്പടി പ്രകാരം വാങ്ങിയ 10.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ മുതല്‍ തിരികെ നല്‍കിത്തുടങ്ങി.
850 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറുകളുടെ കാലാവധി കഴിഞ്ഞു. വൈദ്യുത ഉപഭോഗത്തില്‍ വലിയ കുറവുണ്ടാകുന്നുമില്ല ഈ മാസം ശരാശി 82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിന ഉപഭോഗം.
നേരത്തെ ഏര്‍പ്പെട്ട 300 മെഗാവാട്ട് പ്രതിമാസ കരാര്‍ നിലവിലുള്ളതിനാലാണ് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധി നേരിടാതെ പിടിച്ചു നില്‍ക്കുന്നത്. മഴവേണ്ടത്ര ലഭിച്ചില്ലെങ്കില്‍ വൈദ്യുതി വാങ്ങാന്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടേണ്ടിവരും.