കോതമംഗലത്ത് യുഡിഎഫ് അക്രമത്തിൽ പങ്കെടുത്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം: എൽഡിഎഫ്

നിരവധി പ്രദേശങ്ങളിലും നടക്കുന്ന വന്യമൃഗ ആക്രമണത്തിൽ ചെറുവിരൽപ്പോലും അനക്കാത്തവരാണ് പ്രഹസന സമരത്തിന് നേതൃത്വം നൽകിയത്
കോതമംഗലത്ത് യുഡിഎഫ് അക്രമത്തിൽ പങ്കെടുത്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം: എൽഡിഎഫ്
Updated on

കോതമംഗലം : കാട്ടാന ആക്രമണത്തിൽ കാഞ്ഞിര വേലിയിൽ ഇന്ദിര എന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ യുഡിഎഫ് കോതമംഗലത്ത് നടത്തിയ അക്രമണ സംഭവങ്ങളിലെ മുഴുവൻ ക്രിമിനലുകളേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് എൽഡിഎഫ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആശുപത്രി മോർച്ചറിയിൽ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കുന്ന ഘട്ടത്തിലാണ് രാഷ്ട്രീയ നേട്ടത്തിനായി വരാൻ പോകുന്ന ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അഡ്വ. ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ മോർച്ചറിയിൽ നിന്ന് മൃതദേഹം തട്ടിയെടുത്ത് മൃതദേഹത്തോട് അനാദരവ് കാണിച്ചത്.

വിഷയത്തെ സർക്കാരിനും ഇടതുപക്ഷത്തിനും എതിരായി തിരിക്കുന്നതിനുള്ള ബോധപൂർവ്വമായ ഈ നീക്കത്തെ രാഷ്ട്രീയ കേരളം അപലപിക്കുകയും ഇന്ദിരയുടെ ബന്ധുക്കൾ ഈ രാഷ്ട്രീയ നാടകത്തെ തള്ളിപ്പറയുകയും ചെയ്തിട്ടുള്ളതാണ്. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പോലീസുകാരെ അസഭ്യവർഷവുമായി ഡി സി സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ക്രിമിനൽ സംഘം കൈയ്യേറ്റം ചെയ്യുകയാണുണ്ടായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടും മൃതദേഹം എത്രയും വേഗം വീണ്ടെടുത്ത് പോസ്റ്റ്മോർട്ടം ചെയ്ത് വിട്ടുതരണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ട പ്രകാരം പോലീസ് ഇടപെട്ട് മൃതദേഹം ആശുപത്രി മോർച്ചറിയിൽ തിരിച്ചെത്തിച്ച് ഇൻക്വസ്റ്റ്നടപടികൾ പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടം ചെയ്തു. ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

വന്യമൃഗ ആക്രമണം നടക്കുന്ന കേരളത്തിലെ ഏതു പ്രദേശത്തും എന്നതുപോലെ കേരള സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിൻ എന്നിവർ കോതമംഗലത്തെ ആശുപത്രിയിൽ എത്തുകയും വീട്ടുകാരുമായി വിഷയത്തെക്കുറിച്ച് സംസാരിക്കുകയും 10 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കുകയും ദേവികുളം എം എൽ എ എ രാജ, കോതമംഗലം എം എൽ എ. ആന്റണി ജോൺ, പോലീസ് വനം ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കാഞ്ഞിരവേലി നിവാസികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചെക്ക് കൈമാറി. നിലവിലെ വനസംരക്ഷണ നിയമപ്രകാരം വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാനായി സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളും ചെയ്യുമെന്ന് ഉറപ്പ് നൽകി.

കോൺഗ്രസ് നേതാക്കൾ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെപോയ ജാള്യതയിൽ കോൺഗ്രസ്സിന്റെ രണ്ട് എം എൽ എ മാർ അക്രമപേക്കൂത്തിനുശേഷം കോതമംഗലത്ത് അനിശ്ചിതകാല ഉപരോധ സമരം പ്രഖ്യാപിക്കുകയാണുണ്ടായത്. ഉപരോധസമരത്തിന് നേതൃത്വം കൊടുത്ത മൂവാറ്റുപുഴ എം എൽ എ യുടെ മണ്ഡലത്തിലെ പൈങ്ങോട്ടൂർ പഞ്ചായത്തിലും പെരുമ്പാവൂർ എം എൽ എ യുടെ മണ്ഡലത്തിലെ

നിരവധി പ്രദേശങ്ങളിലും നടക്കുന്ന വന്യമൃഗ ആക്രമണത്തിൽ ചെറുവിരൽപ്പോലും അനക്കാത്തവരാണ് പ്രഹസന സമരത്തിന് നേതൃത്വം നൽകിയത്.

അഞ്ച് വർഷമായി ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡീൻ കുര്യാക്കോസ് എം പി വന്യമൃഗ ആക്രമണങ്ങൾക്കെതിരായി എന്നല്ല മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിൽപ്പോലും നാളിതുവരെ ഇടപെട്ടിട്ടില്ല. ബഫർസോൺ നിർണ്ണയവുമായി ബന്ധപ്പെട്ട് വനംവകുപ്പ് കോതമംഗലത്തെ തട്ടേക്കാട്, ഇടുക്കി, തേക്കടി എന്നിവിടങ്ങളിൽ വിളിച്ചുചേർത്ത യോഗങ്ങളിൽ പങ്കെടുക്കാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി എം പി ഒത്തുകളിച്ചത് ജനം മറന്നിട്ടില്ല. കേരളത്തിലെ ഹരിത എം എൽ എ മാർ എന്ന് സ്വയം പ്രഖ്യാപിച്ച് എം എൽ എ മാരിൽ പ്രധാനിയായ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ഇന്ന് കേരളത്തിൽ നടക്കുന്ന വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ഒഴിവാകാനാവില്ല. ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചത് മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരാണ്.

1972-ൽ കോൺഗ്രസ്സ് സർക്കാർ പാർലമെന്റിൽ പാസ്സാക്കിയ വനം നിയമമാണ് നിലവിലുള്ളത്. ജീവന് ഭീഷണിയാകുന്ന അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തുക മാത്രമാണ് നാട് നേരിടുന്ന ഈ വിഷയത്തിൽ ശാശ്വത പരിഹാരം. ഇതിനായി കേരള നിയമസഭ പ്രമേയം പാസ്സാക്കി കേന്ദ്രസർക്കാരിന് അയച്ചു കൊടുത്തതാണ്. ഈ കാര്യത്തിലടക്കം കേന്ദ്രസർക്കാർ തുടരുന്ന നിഷേധാത്മക സമീപനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്ത എം.പി യും സമരം ചെയ്ത എം എൽ എ മാരും അടങ്ങുന്ന കോൺഗ്രസ് ജനപ്രതിനിധികൾ കേരള സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ് സർക്കാർ ഉണ്ടായിരുന്ന കാലഘട്ടങ്ങളിൽ ചെയ്തു വച്ചിട്ടുള്ള ജനദ്രോഹ നടപടികൾ മറച്ചുവയ്ക്കാനുള്ള ഗൂഢതന്ത്രമാണ് ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നത്. കോതമംഗലത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് നടത്തിയിട്ടുള്ള രാഷ്ട്രീയ നാടകം ജനങ്ങൾ തിരിച്ചറിയണമെന്നും എൽ ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.

ആന്റണി ജോൺ എം എൽ എ , സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, സി പി എം ഏരിയാ സെക്രട്ടറി കെ എ ജോയി, ഘടക കക്ഷി നേതാക്കളായ ജി കെ നായർ, അഡ്വ. പോൾ മുണ്ടയ്ക്കൽ, ആൻ്റണി പുല്ലൻ, ഷാജി പീച്ചക്കര, അലി നെല്ലിക്കുഴി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.