വിവാദങ്ങൾ കത്തിപ്പടരുന്നു; സമ്മേളനത്തിനൊരുങ്ങി നിയമസഭ

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം
Controversy rages; Legislature ready for session
വിവാദങ്ങൾ കത്തിപ്പടരുന്നു; സമ്മേളനത്തിനൊരുങ്ങി നിയമസഭ
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും തലവേദനയായിരിക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം. തൃശൂർപൂരം വിവാദം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച, പി.വി. അൻവർ, മുഖ്യമന്ത്രിക്കെതിരായ പിആർ കമ്പനി വിവാദം, കാഫിർ വിവാദം, ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നിവയടക്കം സർക്കാരിനെതിരെ പ്രയോഗിക്കാനായി പ്രതിപക്ഷത്തിന് വിഷയങ്ങൾ അനവധിയാണ് ഇത്തവണ.

ഓരോ വിഷയവും സഭയിൽ ഉയർത്തി സർക്കാരിനെക്കൊണ്ടു മറുപടി പറയിച്ചേ വിടൂ എന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷമെന്നതിനാൽ ഈ സഭാകാലളവിലും നിയമസഭ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്.അതേസമയം, പ്രതിപക്ഷത്തിന്‍റെ ആയുധങ്ങളെ പ്രതിരോധിക്കാൻ ഇടതുമുന്നണിക്ക് കാര്യമായ വിഷയങ്ങളില്ലെന്നതും തിരിച്ചടിയാണ്. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായി ചേരുന്ന സഭ ആകെ ഒന്‍പത് ദിവസമാണ് സമ്മേളിക്കുകയെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനത്തിന്‍റെ ആദ്യ ദിനം വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുള്‍പ്പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഭ പിരിയും. സമ്മേളന കാലയളവില്‍ ബാക്കി എട്ട് ദിവസങ്ങളില്‍ ആറു ദിവസങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കം രണ്ട് ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്.

സമ്മേളന കാലയളവില്‍ പ്രധാനമായും ആറു ബില്ലുകള്‍ പരിഗണനയ്‌ക്കെടുക്കുകയും നാല് ബില്ലുകള്‍ പാസാക്കുകയും ചെയ്യും. 2023ലെ കേരള വെറ്ററിനറി ആന്‍റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി (ഭേദഗതി)ബില്‍, 2023ലെ കേരള കന്നുകാലി പ്രജനന ബില്‍, 2024ലെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (ചില കോര്‍പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതല്‍ പ്രവൃത്തികള്‍)ഭേദഗതി ബില്‍, 2024ലെ കേരള പൊതുവില്‍പന നികുതി ഭേദഗതി ബില്‍, 2024ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബില്‍, 2022ലെ ശമ്പളവും ബത്തകളും നല്‍കല്‍ (ഭേദഗതി) ബില്‍ എന്നീ ബില്ലുകളാണ് പരിഗണനയ്‌ക്കെടുക്കുന്നത്.

2017 – ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020 ലെ കേരള ധനകാര്യ നിയമം, 2008 ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024ലെ കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുമാണ് പാസാക്കുന്നത്. ബില്ലുകള്‍ പരിഗണിക്കുന്നതിനുള്ള സമയക്രമം വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.