തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള 100 ദിന കർമ പരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട് ലൈഫ് മിഷൻ പൂർത്തിയാക്കിയത് 20,073 വീടുകൾ. ലൈഫ് 2020 പട്ടികയിൽ ഉൾപ്പെട്ട 20,000 ഗുണഭോക്താക്കളുമായി കരാറൊപ്പിടാനാണു തീരുമാനിച്ചിരുന്നത്.
എന്നാൽ, ഇതിന്റെ ഇരട്ടിയിലേറേ ( 41439) ഗുണഭോക്താക്കളുമായി കരാറുണ്ടാക്കാനായി. പൂർത്തിയായ 20073 വീടുകളുടെ താക്കോൽ ദാനവും 41439 ഗുണഭോക്താക്കളുമായുള്ള കരാറിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
എല്ലാ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ലൈഫ് ഭവന പദ്ധതി മികച്ച നിലയിൽ സർക്കാർ മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്.
ലൈഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് പൂർത്തിയായ ആകെ വീടുകളുടെ എണ്ണം 3,42,156 കഴിഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ 2022 ഏപ്രില്‍ മുതല്‍ മാർച്ച് 31 വരെ 54,648 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇതിനു പുറമേ 67,000ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.