ചുവപ്പുനാടയിൽ കുരുങ്ങി മദ്യ കയറ്റുമതി പദ്ധതി

കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിന് വിദേശത്തെ സാധ്യതകള്‍ മുതലെടുക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് മുടങ്ങിക്കിടക്കുന്നത്
കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിന് വിദേശത്തെ സാധ്യതകള്‍ മുതലെടുക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് മുടങ്ങിക്കിടക്കുന്നത് | Liquor export from Kerala in red tape
ചുവപ്പുനാടയിൽ കുരുങ്ങി മദ്യ കയറ്റുമതി പദ്ധതി
Updated on

ജിബി സദാശിവന്‍

കൊച്ചി: കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിന് വിദേശത്തെ സാധ്യതകള്‍ മുതലെടുക്കാന്‍ ലക്ഷ്യമിട്ട് കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) എംഡിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍.

കേരള നിര്‍മിത വിദേശമദ്യ കയറ്റുമതിക്കായുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ നിര്‍മാതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചു.

അബ്കാരി നയത്തില്‍ ഇളവുകളും പരിഷ്കാരങ്ങളും നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ തീരുമാനം നീളുകയാണ്. കേരളത്തില്‍ നിന്നുള്ളവര്‍ കേരളത്തനിമയുള്ള പേരുകളില്‍ വിദേശത്ത് മദ്യം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ബ്രാന്‍ഡുകളില്ല.

കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിനു വിദേശത്തെ സാധ്യതകള്‍ മുതലെടുക്കാനാണ് പഠനം നടത്തിയത്. വിദേശമദ്യ കയറ്റുമതിയില്‍ മറ്റു സംസ്ഥാനങ്ങള്‍ ഏറെ മുന്നേറുമ്പോഴും കേരളം ഈ മേഖലയിലെ സാധ്യത ഇനിയും മുതലെടുത്തിട്ടില്ല. 2023ല്‍ 3200 കോടി രൂപയുടെ വിദേശമദ്യം രാജ്യത്ത് നിന്നു കയറ്റുമതി ചെയ്തപ്പോള്‍ കേരളത്തിന്‍റെ വിഹിതം 15 കോടിയില്‍ താഴെയാണ്. യുപി, മഹാരാഷ്‌ട്ര, ഗോവ തുടങ്ങിയവയാണ് പ്രധാന കയറ്റുമതി സംസ്ഥാനങ്ങള്‍.

കേരളത്തിന് മികച്ച വരുമാനം ലഭിക്കുമെന്ന ആമുഖത്തോടെയാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

കേരളത്തില്‍ നിന്നു മദ്യം കയറ്റുമതി ചെയ്യാന്‍ യോഗ്യതയുള്ള 47 കമ്പനികളുണ്ടെങ്കിലും മൂന്ന് കമ്പനികള്‍ മാത്രമാണ് കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്നത്. മദ്യ കയറ്റുമതി നയം അനുകൂലമല്ലാത്തതിനാലാണിതെന്ന് ഐഎംഎഫ്എല്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. 17 പ്രാദേശിക ഡിസ്റ്റിലറികളും 30 എണ്ണം മറ്റു കമ്പനികളുമായി സഹകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്.

കയറ്റുമതി വര്‍ധിപ്പിക്കാന്‍ അബ്കാരി ചട്ടം ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍ വർഷങ്ങളായി പറയുന്നുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച എട്ടു മാസമായിട്ടും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. 2022ല്‍ ഡിസ്റ്റിലറി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ കയറ്റുമതി അനുവദിക്കുന്നതിന് നിയമഭേദഗതിക്ക് നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.

കേരളത്തിലെ ഡിസ്റ്റിലറി യൂണിറ്റുകളിലെ 60 ശതമാനം ഉത്പാദന ശേഷിയും ഉപയോഗിക്കുന്നില്ല. 17 ലോക്കല്‍ യൂണിറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് ഉത്പാദന ശേഷി പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നത്. സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്താല്‍ 20 ലക്ഷം കെയ്സുകള്‍ അധികം നിര്‍മിക്കാനും 3000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും.

കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി എക്സ്പോര്‍ട്ട് ലേബല്‍ അപ്പ്രൂവല്‍ ഫീ, ബ്രാന്‍ഡ് രജിസ്ട്രേഷന്‍ ഫീ, എക്സ്പോര്‍ട്ട് പാസ് ഫീ എന്നിവ ഒഴിവാക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വിദേശ മദ്യം കയറ്റുമതി ചെയ്യാന്‍ ഇനി മുതല്‍ എന്‍ഒസി നല്‍കേണ്ടെന്നും എക്സ്പോര്‍ട്ട് പെര്‍മിറ്റ് കൊടുക്കുമ്പോള്‍ എക്സൈസ് എല്ലാ കാര്യങ്ങളും പരിശോധിക്കുന്നതിനാല്‍ അനുമതിപത്രം അനാവശ്യമാണെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതടക്കം 9 നിര്‍ദേശങ്ങളാണ് മദ്യക്കയറ്റുമതിക്ക് മാത്രം വിദഗ്ധ സമിതി സമര്‍പ്പിച്ചിട്ടുള്ളത്.

കേരളത്തിന് മികച്ച വരുമാനം ലഭിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ അലംഭാവം മൂലം നീണ്ടു പോകുന്നത്. കയറ്റുമതിക്ക് മാത്രമാണ് ഇളവുകള്‍ എന്നതിനാല്‍ കേരളത്തില്‍ മദ്യ ഉപയോഗം കൂടുകയുമില്ല.

Trending

No stories found.

Latest News

No stories found.