തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം. ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫ് 4 സീറ്റുകൾ പിടിച്ചെടുത്തു. ഫലം വന്നതിൽ 17 ഇടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു.
എൽഡിഎഫ് 10 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന 4 സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു.
ആം ആദ്മി പാർട്ടിയും എസ്‌ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് 4 സീറ്റുകൾ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുക്കാനും കഴിഞ്ഞു.
എറണാകുളം ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോൺഗ്രസിന് ജയം. വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത് പതിനാറാം വാർഡിൽ യുഡിഎഫിലെ ബിനിത പീറ്റർ വിജയിച്ചു. പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ യുഡിഎഫിലെ ലെ ആന്റോ പി സ്കറിയ വിജയിച്ചു.
കോഴിക്കോട് ജില്ലയിൽ നാലിടത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിന് നേട്ടം. വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാർഡ് എൽഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബാക്കി മൂന്നിടങ്ങളിലും യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിർത്തി. നിലവിലെ തിരഞ്ഞെടുപ്പ് ഫലം എവിടെയും ഭരണത്തെ ബാധിക്കില്ല.
തിരുവനന്തപുരം ജില്ലയിൽ അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അര്‍ച്ചന 173 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
അതേസമയം, ഈരാറ്റുപേട്ട നഗരസഭയിൽ കുറ്റിമരം പറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വിജയം. 366 വോട്ടുകളാണ് എസ്ഡിപിഐ നേടിയത്. യുഡിഎഫ് 322 വോട്ടും എൽഡിഎഫ് 236 വോട്ടും നേടി. എസ്ഡിപിഐയുടെ സിറ്റിംഗ് സീറ്റാണ് കുറ്റിമരം പറമ്പ് ഡിവിഷന്‍.
മാള ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ (കാവനാട്) 567 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ നിത ജോഷി വിജയിച്ചത്. നിത 677 വോട്ട് നേടിയപ്പോൾ, എൽഡിഎഫ് സ്വതന്ത്രനു കിട്ടിയത് 110 വോട്ട് മാത്രം. ബിജെപി വെറും 29 വോട്ടിൽ ഒതുങ്ങി.