തിരുവനന്തപുരം: 49 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടവുമായി യുഡിഎഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 5 സീറ്റ് യുഡിഎഫ് അധികമായി നേടിയെങ്കിലും സീറ്റ് കണക്കുകളിൽ ഒപ്പത്തിനൊപ്പമാണ് മുന്നണികൾ. 18 സീറ്റുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ സ്വതന്ത്രരുടെ പിന്തുണയോടെ 23 സീറ്റുകളിലാണ് വിജയിച്ചത്. 19 ഇടങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികളും 4 ഇടങ്ങളില്‍ യുഡിഎഫ് സ്വതന്ത്രരുമാണ് വിജയിച്ചത്. എല്‍ഡിഎഫും 23 സീറ്റുകള്‍ നേടി. എൻഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചു. എല്‍ഡിഎഫിനും എൻഡിഎയ്ക്കും ഓരോ സീറ്റ് കുറഞ്ഞു.
അതേസമയം, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 8 സീറ്റുകളും എല്‍ഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും 4 വീതം സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമായതോടെ കൊല്ലം ജില്ലയിലെ തൊടിയൂര്‍, പൂയപ്പള്ളി പഞ്ചായത്തുകളുടെ ഭരണവും യുഡിഎഫ് പിടിച്ചെടുത്തു.
യുഡിഎഫ് കക്ഷി നില: കോണ്‍ഗ്രസ് 12, മുസ് ലിം ലീഗ് 06, കേരള കോണ്‍ഗ്രസ് 01, സ്വതന്ത്രര്‍ 04. എല്‍ഡിഎഫ് കക്ഷി നില : സി.പി.എം 20, സിപിഐ 02, കേരള കോണ്‍ഗ്രസ് (എം) 01. ഉപതെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫിന് സ്വതന്ത്രനുള്‍പ്പെടെ 24 സീറ്റുകളും യുഡിഎഫിന് 3 സ്വതന്ത്രരുള്‍പ്പെടെ 18 സീറ്റുകളും ബിജെപിക്ക് 4 സീറ്റുകളും എസ്ഡിപിഐക്കും വെല്‍ഫയര്‍പാര്‍ട്ടിക്കും ഓരോ സീറ്റ് വീതവും യുഡിഎഫ് വിമതന് ഒരു സീറ്റുമായിരുന്നു ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന 8 സീറ്റിൽ 4 സീറ്റ് കോണ്‍ഗ്രസില്‍ നിന്നും 4 സീറ്റ് ബിജെപിയില്‍ നിന്നും സിപിഎം പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷന്‍, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാര്‍ഡുകള്‍, പെരിങ്ങമ്മല പഞ്ചായത്തിലെ കരിമണ്‍കോട്, മടത്തറ, കൊല്ലായില്‍ വാര്‍ഡുകള്‍, കരവാരം പഞ്ചായത്തിലെ പട്ടള, ചാത്തമ്പാറ വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും സിപിഎം സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയാണ് എല്‍ഡിഎഫ് സീറ്റില്‍ വിജയിച്ചത്. യുഡിഎഫിന്‍റെ വെള്ളനാട് ഡിവിഷനംഗമായിരുന്ന വെള്ളനാട് ശശി സ്ഥാനം രാജിവച്ച് എല്‍ഡിഎഫിലേക്കു കൂറുമാറി മത്സരിക്കുകയായിരുന്നു. ഇതോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് സീറ്റ് 5 ആയി കുറഞ്ഞു. എല്‍ഡിഎഫിന് 21 അംഗങ്ങളായി.
കൊല്ലത്ത് 4 സീറ്റുകളില്‍ മൂന്നിടത്ത് കോണ്‍ഗ്രസും ഒരിടത്ത് സിപിഐയും വിജയിച്ചു. കോണ്‍ഗ്രസ് വിജയിച്ച 3 സീറ്റുകളില്‍ രണ്ടെണ്ണം സിപിഎമ്മില്‍ നിന്നും ഒന്ന് സിപിഐയില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. പത്തനംതിട്ടയില്‍ 2 സീറ്റും കോണ്‍ഗ്രസ് നേടി. ഒരു സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തുകയും രണ്ടാമത്തേത് സിപിഎമ്മില്‍ നിന്ന് പിടിച്ചെടുക്കുകയുമായിരുന്നു.
ആലപ്പുഴയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാര്‍ഡുകളില്‍ ഒരു സീറ്റ് സിപിഎം നിലനിര്‍ത്തുകയും ഒരു സീറ്റ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഒരു സീറ്റ് ബിജെപി എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. സിപിഎം വിഭാഗീയത രൂക്ഷമായ രാമങ്കരി പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജയിച്ചത് 9 വോട്ടിനാണ്. പാര്‍ട്ടിക്കു വലിയ മേല്‍ക്കൈയുള്ള പഞ്ചായത്താണിത്.
കോട്ടയത്ത് 3 സീറ്റുകളില്‍ ഒന്ന് എല്‍ഡിഎഫ് നിലനിര്‍ത്തി. ഒരു സീറ്റ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. ഒരു സീറ്റ് യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും പിടിച്ചെടുത്തു. ഇടുക്കിയില്‍ ഉപ തെരഞ്ഞെടുപ്പ് നടന്ന 4 വാര്‍ഡുകളില്‍ ഒരിടത്ത് യുഡിഎഫ് സ്വതന്ത്രൻ വിജയിച്ചപ്പോള്‍ ഒരു സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി. ഒരു സീറ്റ് ബിജെപി യുഡിഎഫില്‍ നിന്നും ഒരു സീറ്റ് സിപിഐയില്‍ നിന്ന് കേരള കോണ്‍ഗ്രസും പിടിച്ചെടുത്തു.
എറണാകുളത്ത് 3 സീറ്റുകളില്‍ 2 സീറ്റ് യുഡിഎഫും ഒരു സീറ്റ് എല്‍ഡിഎഫും നിലനിര്‍ത്തി. തൃശൂരില്‍ 3 സീറ്റുകളില്‍ രണ്ട് സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ ഒരിടത്ത് ബിജെപി വിജയിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ എല്‍ഡിഎഫിന്‍റെ 2 സിറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. 2 സീറ്റ് എല്‍ഡിഎഫും ഒരു സീറ്റ് യുഡിഎഫും നിലനിര്‍ത്തി.
മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലും യുഡിഎഫ് വിജയിച്ചു. പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകള്‍ സിപിഎമ്മിനു നഷ്ടപ്പെട്ടു. കോഴിക്കോട് 3 സീറ്റുകളില്‍ യുഡിഎഫും ഒരു സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു. കണ്ണൂര്‍ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 3 സീറ്റും സിപിഎം നിലനിര്‍ത്തി. കാസര്‍ഗോഡ് ഉപതെരഞ്ഞെടുപ്പ് നടന്ന 3 സീറ്റുകളിലും യുഡിഎഫ് വിജയിച്ചു.