തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ പരാതിക്കാരെ പരിഹസിച്ച് ലോകായുക്ത. കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടുന്നത് നല്ലതല്ലെന്ന് പരാതിക്കാരനോട് ലോകായുക്ത പറഞ്ഞു. ഇടയ്ക്കിടെ പത്രവാർത്തകൾ വരുമല്ലോ, ഞങ്ങളെന്തിനാണിങ്ങനെ ബുദ്ധിമുട്ടുന്നതെന്നും ഉപലോകായുക്ത ആരാഞ്ഞു.
ഒന്നുകിൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങണം, എത്ര നാളാണ് ഫുൾ ബഞ്ച് ഇതുമായി ഇരിക്കുന്നത്. ഇതൊന്ന് തലയിൽ നിന്ന് പോയി കിട്ടിയാൽ അത്രയും സന്തോഷമെന്നും ലോകായുക്ത പറഞ്ഞു. ഇന്ന് കേസ് പരിഗണിക്കവെയായിരുന്നു പരാതിക്കാരനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. തുടർന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി.