കൊച്ചി: ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പു കേസിൽ റിവ്യു ഹർജി പരിഗണിക്കവെ പരാതിക്കാരനെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത.പരാതിക്കാരൻ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ലോകായുക്തയെ ചൊടിപ്പിക്കുകയായിരുന്നു. തുടർന്ന് റിവ്യു ഹർജി നാളത്തെക്ക് മാറ്റി. ഉച്ചക്കു ശേഷം ഫുൾ ബെഞ്ചാവും ഹർജി പരിഗണിക്കുക.
കേസ് പരിഗണനയിലിരിക്കുമ്പോൾ സർക്കാരിന്‍റെ വിരുന്നിന് പോയത് ലോകായുക്തയോടുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായെന്ന് പരാതിക്കാരൻ ഹർജിയിൽ പറഞ്ഞിരുന്നു. ലോകായുക്തയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് പരാതിക്കാരൻ സംസാരിക്കുന്നതെന്നും ലോകായുക്തയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നു പറയുന്ന പരാതിക്കാരൻ എന്തിനാണ് പരാതിയുമായി ലോകായുക്തയെ തന്നെ സമീപിക്കുന്നതെന്നും ജഡ്ജിമാർ ആരാഞ്ഞു.
ആൾക്കൂട്ട അധിഷേപം നടക്കുന്നത്. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്‍റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ലോകായുക്ത പറഞ്ഞു. എന്തോ കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് പരാതിക്കാരൻ പെരുമാറുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
എന്നാൽ വിമർശിച്ചത് ജഡ്ജിയെ അല്ലെന്നും വിധിയെയാണെന്നും പരാതിക്കാരൻ പ്രതികരിച്ചു.വിശ്വാസം തോന്നുന്ന തരത്തിലല്ല ലോകായുക്തയുടെ നടപടിയെന്നും സുപ്രീം കോടതിയുടെ മാർഗ രേഖയ്ക്ക് വിരുദ്ധമാണ് ലോകായുക്തയുടെ പ്രവർത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.