കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ നൽകിയ റിവ്യു ഹർജി തള്ളി ലോകായുക്ത. തുടക്കത്തിൽ തന്നെ വിധി ഫുൾ ബെഞ്ചിന് വിട്ട നടപടിയെ ലോകായുക്ത ന്യായീകരിക്കുകയായിരുന്നു. റിവ്യു ഹർജി നിലനിൽക്കുന്നതല്ലെന്നും, ദുർബലമാണെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. പേടിപ്പിച്ച് വിധിയെഴുതാനിരിക്കുന്നവരല്ല ഞങ്ങളെന്നും പറഞ്ഞ ലോകായുക്ത സത്യ പ്രതിജ്ഞ വാചകം ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു. ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് ഇന്ന് 2.30 ന് ഫുൾ ബെഞ്ച് പരിഗണിക്കും.
ഇതൊരു അസാധാരണ നടപടിയല്ല, ലോകായുക്ത നിയമപ്രകാരമാണ് വിധി ഫുൾ ബെഞ്ചിന് വിട്ടതെന്നും അവിടെ വിശദവാദം കേൾക്കുമെന്നും ലോകായുക്ത വ്യക്തമാക്കി. ഈ ഉത്തരവ് ചോദ്യം ചെയ്യാൻ പാടില്ലായിരുന്നു എന്നും പറഞ്ഞ ലോകായുക്ത 2018 ൽ ഭിന്നവിധി ഉണ്ടായപ്പോൾ എന്തുകൊണ്ട് നിങ്ങൾ എതിർത്തില്ലെന്നും ചോദിച്ചു. ഇപ്പോൾ എന്തുകൊണ്ടാണ് മറ്റൊരു നിലപാട് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ലോകായുക്ത പരാതിക്കാരനോട് പറഞ്ഞു.
ഉത്തരവിനെ ചോദ്യം ചെയ്യാൻ അധികാരമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. അതിനെ ലോകായുക്ത എതിർക്കേണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു. ഹർജി പരിഗണിക്കണോ വേണ്ടയോ എന്ന് മാത്രമാണ് മുമ്പ് ലോകായുക്ത മൂന്നംഗ ബഞ്ച് പരിശോധിച്ചതെന്നും ആർക്കും നോട്ടീസ് അയച്ചിട്ടില്ലെന്നും കൃത്യമായ വാദം കേൾക്കുമ്പോൾ മാത്രമാണ് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാനാവു എന്നും ലോകായുക്ത വ്യക്തമാക്കി.