തിരുവനന്തപുരം: ലോക്സഭയിലേക്ക് പത്തനംതിട്ടയിൽനിന്ന് നാലാം മത്സരത്തിനിറങ്ങിയ യുഎഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയെ കരുത്തനായ സ്ഥാനാർഥിയെ ഇറക്കി തോൽപ്പിക്കാമെന്ന എൽഡിഎഫ് കണക്കുകൂട്ടൽ പാളി. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയും ആയ ഡോ.ടി.എം തോമസ് ഐസക് മാസങ്ങൾക്കു മുമ്പേ കളം നിറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ചില എക്സിറ്റ്പോളുകൾ ബിജെപിക്ക് വിജയം പ്രവചിച്ച ഇവിടെ കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകനെ സ്ഥാനാർഥിയാക്കിയിട്ടും കഴിഞ്ഞ തവണത്തെ വോട്ട് നേടാനായില്ല. ആന്‍റോ ആന്‍റണിക്ക് 367210 വോട്ടാണ് ലഭിച്ചത്. തോമസ് ഐസക്കിന് 301146 വോട്ടും. 66064 വോട്ടിന്‍റെ ഭൂരിപക്ഷം.
ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപി സ്ഥാനാർഥിയായത് പത്തനംതിട്ടയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ ആദ്യമായി പ്രചാരണത്തിന് വന്നതും ഇവിടെയാണ്.
കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിനെക്കാൾ സംസ്ഥാനത്ത് ബിജെപിക്ക് വോട്ടുകുറഞ്ഞ മണ്ഡലമാണ് പത്തനംതിട്ട.
ക്രൈസ്തവ ന്യൂനപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്.അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയിലേക്ക് വന്ന ജനപക്ഷം നേതാവ് പി.സി ജോർജോ മകൻ ഷോൺ ജോർജോ സ്ഥാനാർഥിയാവുമെന്ന് കരുതിയിരിക്കേ,ബിജെപി കേന്ദ്രനേതൃത്വം അപ്രതീക്ഷിതമായി അനിൽ ആന്‍റണിയെ രംഗത്തിറക്കുകയായിരുന്നു.