തിരുവനന്തപുരം: ഇത്തവണയും കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചു. 18 ൽ 2 സീറ്റുകളിൽ മാത്രം മറ്റ് പാർട്ടിക്കാർക്ക് അവസരം നൽകിയ യുഡിഎഫിൽ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തെ ഓർമ്മിപ്പിക്കും വിധം സാമ്യമുള്ള ഒരു കാലിടറൽ.
2019 ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 2 വനിതാ സ്ഥാനാർഥികൾ. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആലത്തൂരിൽ രമ്യാ ഹരിദാസും. രമ്യാ ഹരിദാസ് പാട്ടുംപാടി ജയിച്ചപ്പോൾ ഷാനിമോൾ ഉസ്മാന് കാലിടറി. യുഡിഎഫ് തരംഗത്തിൽ ഏശാത്ത ഒരേയോരു സീറ്റ്. ഷാനിമോൾ ഉസ്മാൻ മത്സരിച്ച ആലപ്പുഴ, 10,000 ത്തിലധികം വോട്ടുകൾക്ക് എം.എം. ആരിഫ് വിജയിച്ചപ്പോൾ കോൺഗ്രസിന് നഷ്ടം ഒരു സീറ്റ്.
ഇത്തവണ കോൺഗ്രസ് ഇറക്കിയ ഏക വനിതാ സ്ഥാനാർഥി, രമ്യാ ഹരിദാസ്. ആലത്തൂരിലെ സിറ്റിംഗ് എംപിയായ രമ്യ ഇത്തവണയും ജയിക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും കെ. രാധാകൃഷ്ണൻ 20,000 ത്തോടടുത്ത് ഭൂരിപക്ഷം പിടിച്ച് വിജയിച്ചു. അങ്ങനെ വനിതകളില്ലാതെ കോരളത്തിലെ എംപിമാരുടെ പട്ടിക വരാൻ പോവുന്നു.
തൃശൂരിലും കോൺഗ്രസിന് വൻ പരാജയം നേരിട്ടു. വനിതാ സ്ഥാനാർഥികൾക്ക് കോൺഗ്രസിൽ കൂടുതൽ അവസരം നൽകുന്നില്ലെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയും കോൺഗ്രസ് അവസരം നൽകുന്ന വനിതകളുടെ തുടർച്ചയായി പരാജയങ്ങൾ ഏറെ ശ്രദ്ധേയമാണ്. എന്തുകൊണ്ട് ഈ തുടച്ചയുണ്ടാവുന്നു എന്നത് വലിയൊരു ചോദ്യമാണ്. പാർട്ടിയിൽ സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതാണോ ഈ തോൽവിയിലേക്ക് നയിക്കാനുള്ള കാരണം എന്നതാണ് അതിൽ പ്രധാനപ്പെട്ട ഒരു ചോദ്യം.