കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ ഗവൺമെന്‍റ് പ്ലീഡർ അഡ്വ. പി.ജി. മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഹൈക്കോടതി കീഴടങ്ങാന്‍ നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പുത്തന്‍കുരിശ് ഡിവൈഎസ്പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നീട് കേസിൽ മുന്‍കൂര്‍ ജാമ്യം തേടി മനു സുപ്രീംകോടതിയെ സമീപിച്ചു. പക്ഷേ, കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിൽ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
റൂറൽ എസ്പിക്ക് ലഭിച്ച പരാതിയിലാണ് പെൺകുട്ടിയുടെ രേഖപ്പെടുത്തി തെളിവുകൾ ശേഖരിച്ച ശേഷം മനുവിനെതിരെ കേസെടുത്തത്. പിന്നാലെ ഹൈക്കോടതി സീനിയർ ഗവൺമെന്‍റ് പ്ലീഡർ സ്ഥാനം മനു രാജിവച്ചിരുന്നു.
2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിർദ്ദേശപ്രകാരം സർക്കാർ അഭിഭാഷകനായ പിജി മനുവിനെ സമീപിച്ചതെന്നാണ് യുവതി നൽകിയ മൊഴി. ഇക്കഴിഞ്ഞ ഒക്ടോബർ 9ന് അഭിഭാഷകന്‍റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോൾ തന്നെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് തന്‍റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും മൊഴിയിലുണ്ട്. അഭിഭാഷകൻ അയച്ച വാട്സ് ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിരുന്നു.