ന്യൂഡൽഹി: സ്വര്‍ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിന് ഗുരുതര രോഗമെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്. നട്ടെല്ലിലാണ് രോഗം. നട്ടെല്ല് സ്വയം പൊടിഞ്ഞു പോകുന്ന അസുഖമാണ് ഇദ്ദേഹത്തിനെന്നാണ് വിവരം. ഇതേ തുടര്‍ന്ന് സുഷുമ്ന നാഡിയിൽ മാറ്റങ്ങളുണ്ടാവുന്നുണ്ട്. കഴുത്തും നടുവും രോഗബധിതമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ശിവശങ്കറിന്റെ ജാമ്യേപക്ഷ പരിഗണിക്കുമ്പോൾ ഈ മെഡിക്കൽ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജവഹര്‍ലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസര്‍ച്ചി (ജിപ്മെര്‍)ലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്റ്റർമാരുടെ സംഘമാണ് പരിശോധന നടത്തിയത്. ശിവശങ്കറിന് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്ന് മെഡിക്കൽ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. കഴുത്തും നടുവും വളയ്ക്കരുത്, തെന്നിയും അല്ലാതെയുമുള്ള വീഴ്ചകൾ സംഭവിക്കരുത്, ഭാരം എടുക്കാനോ, ഏറെ നേരം നിൽക്കാനോ പാടില്ലെന്നും റിപ്പോര്‍ട്ടിൽ ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.