തിരുവനന്തപുരം: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി കൊല്ലം ശാസ്താംകോട്ട അൻവാർശേരി തോട്ടുവാൽ മൻസിലിലെത്തി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് അദ്ദേഹത്തിന് ഇനി കേരളത്തിൽ താമസിക്കുന്നതിനു തടസമില്ല. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകർക്കു നിയന്ത്രണമുണ്ട്.
ബംഗളുരുവിൽ നിന്നു വിമാനമാർഗം ഇന്നലെ രാവിലെ11.30നു തിരുവനന്തപുരത്തെത്തിയ മദനി റോഡുമാർഗം കൊല്ലത്തേയ്ക്കു പോയി. ഭാര്യ സൂഫിയ മദനിയും മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 അംഗസംഘം ഒപ്പമുണ്ടായിരുന്നു. രോഗിയായ പിതാവിനോടൊപ്പം ഏതാനും ദിവസം അൻവാർശേരിയിൽ തുടർന്ന ശേഷം ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കും.
പതിനഞ്ച് ദിവസത്തില്‍ ഒരിക്കല്‍ വീടിനടുത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണു സുപ്രീംകോടതി നിര്‍ദേശം. ചികിത്സയ്ക്കായി കൊല്ലത്തിനു പുറത്തേക്കു പോകുന്നതു പൊലീസ് അനുമതിയോടെ ആവണമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്.
സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ജൂണ്‍ 26 നു ബംഗളുരുവില്‍നിന്നു വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിയ മദനിയെ ശാരീരികാസ്വാസ്ഥ്യം മൂലം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിൻ അളവും രക്തസമ്മർദവും ക്രമാതീതമായി ഉയർന്നതായും ഇരുവൃക്കകളുടെയും പ്രവർത്തനത്തിൽ തകരാറുണ്ടെന്നും കണ്ടെത്തിയതോടെ അൻവാർശേരിയിലേക്കുള്ള യാത്ര ഒഴിവാക്കി മദനി ആശുപത്രിയിൽ തുടർന്നശേഷം 8നു തിരിച്ചുപോയി. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്നാണു ബംഗളുരു വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥ എടുത്തുകളഞ്ഞത്.