കൊച്ചി: ബംഗളൂരുവിൽ വിചാരണത്തടവുകാരനായി കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തി. ഭാര്യ സൂഫിയയ്ക്കൊപ്പം നെടുമ്പാശേരി വിമാനത്തിലെത്തിയ മദനി കരുനാഗപ്പള്ളി അന്വാറുശേരിയിലെ വീട്ടിലേക്കാണു പോയത്. വിമാനത്തിൽ രണ്ടു പൊലീസുകാരും അനുഗമിച്ചിരുന്നു.
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനാണ് സുപ്രീം കോടതി അനുമതിയോടെ എത്തിയത്. 12 ദിവസം തങ്ങാനാണ് അനുമതി. അടുത്ത മാസം 7ന് തിരികെ ബംഗളൂരുവിലെത്തണം. 10 പൊലീസുകാരെയാണ് മദനിയോടൊപ്പം നിയോഗിച്ചിട്ടുള്ളത്. എട്ടുപേര്‍ റോഡ് മാര്‍ഗം നേരത്തേ എത്തിയിരുന്നു.
പൊലീസുകാരുടെ സുരക്ഷ, യാത്ര, ഭക്ഷണം എന്നിവയുടെ ചെലവിലേക്ക് 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കർണാടക പൊലീസിന്റെ നിർദേശം മൂലമാണ് യാത്രയ്ക്കു തടസമുണ്ടായത്. നിലവിലെ കോൺഗ്രസ് സര്‍ക്കാര്‍ ഈ തുകയിൽ ചെറിയ ഇളവ് നല്‍കിയിട്ടുണ്ടെന്നാണു സൂചന.
വിചാരണത്തടവുകാരനായി ഇത്രയധികം കാലം കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും ഇത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കു തന്നെ നാണക്കേടാണെന്നും യാത്ര പുറപ്പെടും മുമ്പ് ബംഗളൂരുവിൽ മദനി പറഞ്ഞു.
കൊച്ചി വിമാനത്താവളത്തില്‍ മദനിയുടെ മകൻ സലാഹുദ്ദീൻ അയൂബിയും പിഡിപി സംസ്ഥാന നേതാക്കളും എത്തിയിരുന്നു. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അത്താണി ജംക്ഷനിൽ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. വാഹനത്തിലിരുന്ന് മുഷ്ടി ചുരുട്ടി മദനി പ്രത്യഭിവാദ്യം ചെയ്തു.