ആലപ്പുഴ: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി മുഹമ്മദ് റിയാസാണ് പിടിയിലായത്. ചെന്നൈയിൽ എഡ്യു കെയർ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഇയാൾ.
കായംകുളം എംഎസ്എം കോളെജിലെ എംകോം ഒന്നാം വർഷ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ നിന്നും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായാണ് എംകോമിന് അഡ്മിഷൻ എടുത്തത്. ഇത് വലിയ വിവാദമായിരുന്നു. സർട്ടിഫിക്കറ്റിന്‍റെ ഉറവിടം ചെന്നൈ ആണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കായംകുളം പൊലീസ് ചെന്നൈയിലെത്തിയാണ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തത്. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് പ്രതിഫലമായി നാൽപ്പതിനായിരം രൂപ നൽകിയതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.