കമലമ്മ പാട്ടി
കമലമ്മ പാട്ടിFile Photo | Metro Vaartha

മലക്കപ്പാറ ആദിവാസി കോളനിയിൽ പുഴുവരിച്ച് അവശ നിലയിലായ വയോധിക മരിച്ചു

വയോധികയുടെ അടുത്തെത്തി ആവശ്യമായ ചികിത്സ നൽകണമെന്ന് ജില്ലാ കലക്‌ടർ വി.ആർ. കൃഷ്ണതേജ നിർദേശം നൽകിയിരുന്നു
Published on

ചാലക്കുടി: അതിരപ്പള്ളി മലക്കപ്പാറ വീരൻകുടി ആദിവാസിക്കോളനിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക കമലമ്മ പാട്ടി മരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായ വയോധികയ്ക്ക് ഊരിലെത്തി ചികിത്സ നൽകണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല.

വാർത്ത പുറം ലോകം അറിഞ്ഞതിനു പിന്നാലെ വയോധികയുടെ അടുത്തെത്തി ആവശ്യമായ ചികിത്സ നൽകണമെന്ന് ജില്ലാ കലക്‌ടർ വി.ആർ. കൃഷ്ണതേജ നിർദേശം നൽകിയിരുന്നു. മലക്കപ്പാറയിൽ നിന്നും നാലുകിലോമീറ്റർ ഉള്ളിലാണ് വീരൻകുടി ആദിവാസി ഊരുള്ളത്. ഊരിലേക്കെത്താൻ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ല.

ട്രൈബൽ ഡിപ്പാർട്ട്മെന്‍റിന്‍റെ ഭാഗത്തു നിന്ന് ഈ ഭാഗത്തേക്ക് യാതൊരുവിധ ശ്രദ്ധയും എത്തുന്നില്ലെന്ന് പലതവണ ഊരിലുള്ളവർ പരാതിപ്പെട്ടിരുന്നു. ഏഴു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ അസുഖബാധിതരാകുന്നവരെ നാലുകിലോമീറ്ററോളം കാട്ടിലൂടെ ചുമന്നാണ് പുറത്തെത്തിക്കുന്നത്. അതിന് ആളുകൾ ഇല്ലാത്തതിനാലാണ് കമലമ്മ പാട്ടിക്ക് ഊരിലെത്തി ചികിത്സ നൽകണമെന്ന് ഊരിലുള്ളവർ ആവശ്യപ്പെട്ടത്. എന്നാൽ അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ട നടപടിയുണ്ടായില്ലെന്നും അവർ ആരോപിക്കുന്നു.