മലപ്പുറം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ മലപ്പുറം എസ് പി എസ്. സുജിത് ദാസ് ഒരു മാസത്തെ പരിശീലനത്തിനായി ഹൈദരാബാദിലേക്ക്. സെപ്റ്റംബർ 2ന് യാത്ര തിരിക്കും. പകരം പാലക്കാട് എസ്പി ആർ. ആനന്ദിനായിരിക്കും മലപ്പുറത്തിന്‍റെ ചുമതല.
താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിപ്രി മരണപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുൻപേയാണ് എസ്പി പരിശീലനത്തിനായി പോകുന്നത്. എസ്പിയെ മാറ്റി നിർത്തി കേസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പിക്കു കീഴിലുള്ള നാല് ഡാൻസഫ് അംഗങ്ങൾക്കെതിരേ കേസെടുത്തിരുന്നു.
സർവീസിൽ 9 വർഷം പൂർത്തിയാകുമ്പോൾ ഐപിഎസ് ഉദ്യോഗസ്ഥർ കോമൺ മിഡ് കരിയർ ട്രെയിനിങ് പൂർത്തിയാക്കേണ്ടതുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരായ ജി. പൂങ്കുഴലി, ചൈത്ര തെരേസ ജോൺ, കിരൺ നാരായണൻ എന്നിവരും പരിശീലനത്തിനായി പോകുന്നുണ്ട്. ഹൈദരാബാദ് സർദാർ വല്ലഭായ് പട്ടേൽ പൊലീസ് അക്കാദമിയിലാണ് പരിശീലനം.