ചന്ദ്രയാൻ വിജയത്തിൽ അഭിമാനമായി മലയാളി സാന്നിധ്യം

ചന്ദ്രയാൻ 1, മംഗൽയാൻ, ഇപ്പോൾ ചന്ദ്രയാൻ 3... വിജയകരമായ ദൗത്യങ്ങൾക്കെല്ലാം പിന്നിൽ മലയാളി സ്പർശമുണ്ട്
ജി. മാധവൻ നായർ, കെ. രാധാകൃഷ്ണൻ, എസ്. സോമനാഥ്.
ജി. മാധവൻ നായർ, കെ. രാധാകൃഷ്ണൻ, എസ്. സോമനാഥ്.
Updated on

ബംഗളൂരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാൻ 3 ചരിത്രം കുറിക്കുമ്പോഴും ഇസ്രൊയെ നയിക്കുന്നതു മലയാളി ശാസ്ത്രജ്ഞൻ. ആലപ്പുഴ ചേർത്തല സ്വദേശിയായ എസ്. സോമനാഥാണ് ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രനിൽ ത്രിവർണം പൂശുമ്പോൾ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍റെ ചെയർമാൻ. 2008ൽ ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 1ലും ഇസ്രൊയെ നയിച്ചത് മലയാളിയാണ്. ജി. മാധവൻ നായരായിരുന്നു അന്ന് ഇസ്രൊ ചെയർമാൻ. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം മംഗൾയാൻ വിക്ഷേപിച്ചപ്പോഴുമുണ്ടായിരുന്നു ഇസ്രൊയുടെ തലപ്പത്ത് മലയാളി സ്പർശം. അന്ന് ഡോ. കെ. രാധാകൃഷ്ണനായിരുന്നു ചെയർമാൻ.

കഴിഞ്ഞവർഷം ജനുവരിയിലാണ് ഇസ്രൊയുടെ പത്താമത്തെ ചെയർമാനായി എസ്. സോമനാഥ് ചുമതലയേറ്റത്. റോക്കറ്റ് സാങ്കേതികവിദ്യയിലും രൂപകൽപ്പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും വിദഗ്ധനാണു സോമനാഥ്. ആലപ്പുഴ അരൂർ സെന്‍റ് അഗസ്റ്റിൻ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീധരപ്പണിക്കറുടെ മകനായ സോമനാഥിന്‍റെ സ്കൂൾ വിദ്യാഭ്യാസം അരൂരിലെ സ്കൂളിൽ തന്നെയായിരുന്നു. എറണാകുളം മഹാരാജാസ് കോളെജിൽ നിന്ന് പ്രീയൂണിവേഴ്സിറ്റി. കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളെജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് എയ്റോ സ്‌പേസ് എൻജിനീയറിങ്ങിൽ സ്വർണമെഡലോടെ ബിരുദാനന്തരബിരുദം എന്നിവ നേടിയാണു ബഹിരാകാശ ഗവേഷണ രംഗത്തെത്തിയത്.

ഇന്നത്തെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട കുലശേഖരം സ്വദേശി ജി. മാധവൻനായരുടെ നേതൃത്വത്തിലാണ് ചന്ദ്രയാൻ 1 ദൗത്യം പൂർത്തിയാക്കിയത്. 2003 മുതൽ 2009 വരെ ഇസ്രൊയെ നയിച്ച മാധവൻനായരുടെ കാലയളവിൽ 25 ദൗത്യങ്ങളിലാണ് ഇസ്രൊ വിജയം വരിച്ചത്. 2009- 2014 കാലയളവിലായിരുന്നു ഇരിങ്ങാലക്കുട സ്വദേശി ഡോ. കെ. രാധാകൃഷ്ണൻ ഇസ്രൊയുടെ ചെയർമാനായി പ്രവർത്തിച്ചത്. പ്രഥമ ഗ്രഹാന്തര ദൗത്യം മംഗൾയാൻ ഇക്കാലത്താണു പരീക്ഷിച്ചതും വിജയിച്ചതും. ഇസ്രൊ സ്ഥാപിക്കപ്പെട്ടശേഷം ഇതുവരെയുള്ള പത്തു ചെയർമാൻമാരിൽ അഞ്ചുപേരും മലയാളികളാണ്. എം.ജി.കെ.മേനോൻ, കസ്തൂരിരംഗൻ എന്നിവരാണു മറ്റുള്ളവർ.

Trending

No stories found.

Latest News

No stories found.