കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദർശന സായൂജ്യമണിഞ്ഞ് വിശ്വാസ സഹസ്രങ്ങൾ. വ്രതശുദ്ധിയോടെ നോമ്പ് നോറ്റെത്തിയ പതിനായിരങ്ങൾക്ക് ആത്മീയ നിർവൃതിയും അനുഗ്രഹവും പകർന്ന് ദർശന പുണ്യമേകി കത്തീഡ്രലിൽ ഇന്ന് നട തുറന്നു. കത്തീഡ്രലിലെ പ്രധാന മദ്ബഹയിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണ് നടതുറക്കൽ. എട്ടുനോമ്പാചരണത്തിന്‍റെ ഏഴാം ദിവസമാണ് 'നടതുറക്കൽ' നടക്കുന്നത്.
രാവിലെ വലിയ പള്ളിയിൽ മൂന്നിന്മേൽ കുർബാനയെ തുടർന്ന് നടന്ന മധ്യാഹ്ന പ്രാർഥനയ്ക്കു ശേഷമാണ് നടതുറക്കൽ ചടങ്ങുകൾ നടന്നത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നടതുറക്കൽ ശുശ്രൂഷകൾക്ക് പ്രധാനകാർമികത്വം വഹിച്ചു. കോട്ടയം ഭദ്രാസന മെത്രാപോലീത്ത തോമസ് മോർ തീമോത്തിയോസ്, എംഎസ്ഒടി സെമിനാരി റസിഡന്‍റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ തെയോഫിലോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനും നടതുറക്കൽ ചടങ്ങിന് സാക്ഷ്യം വഹിക്കുവാനും നാനാജാതിമതസ്ഥരായ ആയിരക്കണക്കിന് വിശ്വാസികൾ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും രാവിലെ മുതൽ എത്തിയിരുന്നു. എട്ടുനോമ്പ് പെരുന്നാൾ നാളെ സമാപിക്കും.