മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; കുരുക്ക് മുറുകുന്നു

സൗബിൻ 3.5 കോടി സ്‌ഥിര നിക്ഷേപമിട്ടത് പൊലീസ് കണ്ടെത്തി
മഞ്ഞുമ്മൽ ബോയ്സ്
മഞ്ഞുമ്മൽ ബോയ്സ്
Updated on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നിലെ സാമ്പത്തിക തട്ടിപ്പിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പൊലീസ്. ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെങ്കിലും അത്ര എളുപ്പം അവസാനിപ്പിക്കാവുന്ന നിലയിലല്ല തട്ടിപ്പിന്‍റെ വ്യാപ്തി. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് മലയാള സിനിമയ്ക്ക് പിന്നാലെ കൂടിയാലുള്ള അപകടം തിരിച്ചറിഞ്ഞാണ് കേസ് ഒത്തുതീർപ്പിലെത്തിക്കാൻ ഇടപെടലുകൾ നടത്തുന്നത്. എന്നാൽ ഇത് സംബന്ധിച്ച അന്വേഷണത്തിൽ നടൻ സൗബിൻ ഷാഹിറിന്‍റെ കുരുക്ക് കൂടുതൽ മുറുക്കുന്നതാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്.

40 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് സിറാജ് വലിയതറ ഹമീദ് എന്നയാളിൽ നിന്ന് സൗബിനും സംഘും ഏഴുകോടി വാങ്ങിയത്. ചിത്രം വൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പായ ഘട്ടത്തിൽ സിറാജ് എറണാകുളം കോടതിയെ സമീപിക്കുകയും നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തുടങ്ങിയ പൊലീസ് അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയുമാണ്.

അതീവ ഗൗരവതരമായ കണ്ടെത്തലുകളാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. സിനിമക്കായി ഏഴുകോടി മുടക്കിയ ഹമീദിനെ കബളിപ്പിക്കാൻ നിർമാതാക്കളായ സൗബിൻ ഷാഹിർ അടക്കമുള്ളവർക്ക് മുൻകൂർ പദ്ധതി ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരനിൽ നിന്ന് 26 തവണയായി പണം സ്വീകരിക്കുകയും സിനിമ റിലീസായ ശേഷം തുടക്കത്തിൽ വരുമാനം സ്വീകരിക്കുകയും ചെയ്തിരുന്നത് പറവ ഫിലിംസിന്‍റെ പേരിലുള്ള കടവന്ത്രയിലെ ആക്സിസ് ബാങ്കിലെ അക്കൗണ്ട് മുഖേനയാണ്. എന്നാൽ പരാതിയെ തുടർന്ന് ഇത് കോടതി മരവിപ്പിച്ചതിന് പിന്നാലെ ഇടപാടുകളെല്ലാം ഇതേ പേരിൽ പേരിൽ തേവര എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ അക്കൗണ്ട് വഴിയാക്കി. ഇത് കരുതിക്കൂട്ടിയായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നു.

മാത്രവുമല്ല ഇങ്ങനെ സിനിമയുടെ വരുമാനമായി വന്ന തുകയിൽ നിന്ന് മൂന്നരകോടി രൂപ ഇതേ ബാങ്കിൽ സൗബിനും കൂട്ടുപ്രതികളും സ്ഥിരനിക്ഷേപമാക്കി മാറ്റിയത് പൊലീസ് കണ്ടെത്തി. അപ്രകാരം കിട്ടിയ തുകയിൽ നിന്നും മൂന്നരകോടി രൂപ എഫ്‌ഡി ആക്കി മാറ്റിയിട്ട് പോലും പ്രതികൾ ആവലാതിക്കാരന്‍റെ പക്കൽ നിന്ന് വാങ്ങിയ പണത്തിന്‍റെ ചെറിയ ഭാഗം പോലും തിരികെ കൊടുക്കാത്തതിൽ നിന്നും പ്രതികൾക്ക് ആവലാതിക്കാരനെ കബളിപ്പിക്കുവാൻ മുൻകൂർ പദ്ധതിയുണ്ടായിരുന്നതായി വെളിവാകുന്നു. സിനിമക്കാകെ 18.65 കോടി മാത്രം ചിലവായിരിക്കെ 28 കോടിയിലധികം പലവഴിക്കായി ഇവർ ശേഖരിച്ചിരുന്നുവെന്നും പത്തുകോടി അങ്ങനെ തന്നെ പ്രതികൾ കൈക്കലാക്കിയെന്നും മരട് എസ്എച്ച്ഒ ജി.പി. സജുകുമാർ ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.