പെരുന്ന (ചങ്ങനാശേരി): സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റെ 147-ാ മത് ജയന്തി ആഘോഷങ്ങൾക്കായി പെരുന്നയിലെ നായർ സർവീസ് സൊസൈറ്റി ആസ്ഥാനം ഒരുങ്ങി. ആധുനിക രീതിയിൽ തയാറാക്കിയിരിക്കുന്ന മന്നം നഗറിൽ ജനുവരി 1, 2 തീയതികളിലാണ് ആഘോഷങ്ങൾ. 30,000 പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലിന്റെ നിർമാണവും അലങ്കാരവും പൂർത്തിയായി.
നാളെ രാവിലെ 6.30 മുതൽ ഭക്തി ഗാനാലാപനം. 7 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിൽ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കും. പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും തുടര്‍ന്ന് പ്രമേയങ്ങള്‍ അവതരിപ്പിക്കും.
രണ്ടിന് രാവിലെ 10.30ന് ജയന്തി സമ്മേളനത്തിനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 10.45ന് സമ്മേളനം മുന്‍ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. എന്‍.കെ. പ്രേമചന്ദ്രന് എംപി മന്നം അനുസ്മരണ പ്രഭാഷണം നടത്തും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍, ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള തുടങ്ങിയവര്‍ സംസാരിക്കും.