#ബിനീഷ് മള്ളൂശേരി
പെരുന്ന (ചങ്ങനാശേരി): സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനും സമുദായാചാര്യനുമായ മന്നത്ത് പദ്മനാഭന്റെ 147ാമത് ജയന്തി ആഘോഷ ഭാഗമായി നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്തു നടന്ന ജയന്തി സമ്മേളനം പ്രൗഢ ഗംഭീരമായി. ഇന്നലെ രാവിലെ മുതൽ വിവിധ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക നേതാക്കളടക്കമുള്ളവർ പെരുന്ന എൻഎസ്എസ് അസ്ഥാനത്തേക്ക് എത്തിയിരുന്നു.
മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷമായിരുന്നു പൊതുസമ്മേളന പരിപാടികൾക്ക് തുടക്കമായത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സ്വാഗതം പറഞ്ഞു. മുൻ രാജ്യസഭാംഗവും കെപിസിസി മുൻ പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയാണ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും എൻ.കെ. പ്രേമചന്ദ്രൻ എംപി മന്നം അനുസ്മരണ പ്രഭാഷണവും നടത്തി. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍, ട്രഷറർ വി.വി. ശശിധരന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുൻകാലങ്ങളിൽ മന്നം ജയന്തി സമ്മേളനത്തിൽ എത്തിയിരുന്ന പല നേതാക്കളും ഇപ്പോൾ പെരുന്നയിലേക്ക് എത്താറില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു. മന്നത്തെക്കുറിച്ച് അറിഞ്ഞവരും പഠിച്ചവരുമാണ് ജയന്തി സമ്മേളനത്തിൽ സംസാരിക്കേണ്ടതെന്നും സുകുമാരൻ നായർ പറഞ്ഞു.
കേന്ദ്രമന്ത്രി വി. മുരളീധരൻ, മിസോറാം- ഗോവ മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ, എംപിമാരായ ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി, നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, അഡ്വ. ജോബ് മൈക്കിൾ, മാണി സി. കാപ്പൻ, പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ അടക്കമുള്ളവർ സന്നിഹിതരായി.