വിവാഹ രജിസ്ട്രേഷൻ ഇനി വീഡിയോ കോൺഫറൻസ് വഴിയും; ഭേദഗതി വരുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്

ഗ്രാമപഞ്ചായത്തുകളില്‍ വിവാഹ രജിസ്ട്രാര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ അനുമതി തേടി ലഭിച്ച പരാതിയിലാണ് നടപടി.
marriage registration
വിവാഹ രജിസ്ട്രേഷൻ ഇനി വീഡിയോ കോൺഫറൻസ് വഴിയും
Updated on

ഇടുക്കി: വിവാഹ രജിസ്ട്രേഷന് ഇനി സർക്കാർ ഓഫീസിൽ കയറിയിറങ്ങേണ്ട. ആവശ്യമുള്ളവർക്ക് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ വിവാഹ രജിസ്ട്രേഷന്‍ നടത്താൻ കഴിയും വിധം നിയമ ഭേദഗതി വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഇതിനായി ചട്ട ഭേദഗതി കൊണ്ടുവരാന്‍ ഇന്നലെ നടന്ന തദ്ദേശ അദാലത്തില്‍ മന്ത്രി നിര്‍ദ്ദേശം നൽകി. ഗ്രാമപഞ്ചായത്തുകളില്‍ വിവാഹ രജിസ്ട്രാര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ അനുമതി തേടി ലഭിച്ച പരാതിയിലാണ് നടപടി.

ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് കെ. ജേക്കബ് മുഖേന ജനനമരണവിവാഹ രജിസ്ട്രാര്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി. കെ ശ്രീകുമാര്‍ നല്‍കിയ പരാതി, സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവര്‍ക്കും ഗുണകരമാവുന്ന പൊതുതീരുമാനത്തിലേക്കാണ് വഴിവെച്ചത്.

2019 ല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശത്തുള്ളവര്‍ക്ക് വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈനില്‍ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്, അതേ സമയം ദമ്പതികളില്‍ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും, അയല്‍സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് ഉപ്പുതുറ പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. നഗരസഭയില്‍ കെ സ്മാര്‍ട്ട് ഏര്‍പ്പെടുത്തിയതോടെ നഗരങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ ദമ്പതികള്‍ക്ക് വീഡിയോ കെവൈസി വഴി എവിടെയിരുന്നും രജിസ്ട്രേഷന്‍ നടത്താന്‍ സൗകര്യമൊരുങ്ങി. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ഈ സേവനം ലഭ്യമായിരുന്നില്ല.

പരാതി പരിഗണിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീഡിയോ കോണ്‍ഫറന്‍സിലൂടെ രജിസ്ട്രാര്‍ക്ക് മുന്‍പില്‍ ഹാജരാകാനുള്ള സൗകര്യം എല്ലാവര്‍ക്കും ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗ്രാമപഞ്ചായത്തില്‍ വിവാഹിതരാവുന്നവ ദമ്പതികള്‍ക്കും സംയുക്ത അപേക്ഷയിലൂടെ രജിസ്ട്രാര്‍ക്ക് മുന്‍പില്‍ ഓണ്‍ലൈനായി ഹാജരായി വിവാഹം രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരും. ഗ്രാമപഞ്ചായത്തുകളില്‍ കെ സ്മാര്‍ട്ട് വിന്യസിക്കുന്നത് വരെ ഈ സൗകര്യം തുടരും. കെ സ്മാര്‍ട്ട് വിന്യസിക്കുമ്പോള്‍ വീഡിയോ കെ വൈ സി വഴി എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പഞ്ചായത്തിലും ഒരുങ്ങും.

പഞ്ചായത്തിലെ നിരവധി പേരുടെ ആവശ്യ പ്രകാരമാണ് പ്രസിഡന്‍റ് ജെയിംസ് കെ ജേക്കബും ഉപ്പുതറ രജിസ്ട്രാര്‍ വി കെ ശ്രീകുമാറും അദാലത്തിലെത്തിയത്. പഞ്ചായത്തുകളിലും വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന ഉത്തരവ് അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് പ്രയോജനപ്പെടും. പതിനായിരക്കണക്കിന് പേര്‍ക്ക് സഹായകമാവുന്ന ഉത്തരവിന് ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും തദ്ദേശ അദാലത്തില്‍ നിന്ന് മടങ്ങിയത്.

Trending

No stories found.

Latest News

No stories found.