മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

10 വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ മനുഷ്യ-വന്യജീവി സംഘർഷങ്ങളെ കുറിച്ച് പഠിച്ചതില്‍ 273 പഞ്ചായത്തുകൾ സംഘർഷ മേഖലകളായും 30 പഞ്ചായത്തുകൾ അതിതീവ്ര സംഘർഷ മേഖലകളായും കണ്ടെത്തി
മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ | Master plan to handle human - animal conflicts
ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിനു മുൻപുള്ള ചെക്പോസ്റ്റ് ഭാഗത്ത് വിനോദസഞ്ചാരികൾ ആനയ്ക്കു മുൻപിൽപെട്ടപ്പോൾ. ആനയെ ദൂരെ കണ്ട് ഫോട്ടോ എടുത്തുകൊണ്ടിരുന്ന ഒരു വിനോദസഞ്ചാരിക്കു മുൻപിലൂടെയാണ് ശരവേഗത്തിൽ ആന റോഡ് മുറിച്ചുകടന്നത്. അതിലൂടെ കടന്നുവന്ന ഒരു ബൈക്ക് യാത്രികനും ആനയ്ക്കു മുൻപിൽപെട്ടു.ഫോട്ടോകടപ്പാട്: നെൽസൺ, സെൻ സ്റ്റുഡിയോ, കോക്കുന്ന്.
Updated on

തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങളടങ്ങിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് വനം, വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ. 10 വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ മനുഷ്യ-വന്യജീവി സംഘർഷങ്ങളെ കുറിച്ച് പഠിച്ചതില്‍ 273 പഞ്ചായത്തുകൾ സംഘർഷ മേഖലകളായും 30 പഞ്ചായത്തുകൾ അതിതീവ്ര സംഘർഷ മേഖലകളായും കണ്ടെത്തി. 273 ഹോട്ട്സ്പോട്ടുകൾ തിരിച്ചറിഞ്ഞ് പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങളടങ്ങിയ മാസ്റ്റർ പ്ലാനുകളാകും തയ്യാറാക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായിട്ടുള്ള പ്രദേശങ്ങളെ 12 ലാൻഡ്സ്‍കേപ്പുകളായി തിരിച്ചിട്ടുണ്ട്. ലാൻഡ്സ്കേപ്പ് തല മാസ്റ്റർ പ്ലാനുകൾ ക്രോഡീകരിച്ച് സംസ്ഥാനതല കർമ്മപദ്ധതി തയ്യാറാക്കും. കർമ്മപദ്ധതി തയ്യാറാക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹാക്കത്തോണായ സേഫ് ഹാബിറ്റാറ്റ് ഹാക്ക് പോർട്ടലും ബുക്ക്‌ലെറ്റും മന്ത്രി പ്രകാശനം ചെയ്തു.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും ആവാസ വ്യവസ്ഥകളുടെ സുസ്ഥിര പരിപാലനത്തിനും നൂതനസാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തനുമാണ് കെ-ഡിസ്കുമായി സഹകരിച്ച് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.

വിവിധ സ്റ്റാർട്ടപ്പുകൾക്കും മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ, ഇന്നൊവേറ്റർമാർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ, ഹാബിറ്റാറ്റ് പരിപാലന മേഖലയിലെ വിദഗ്ധർ തുടങ്ങിയവർക്ക് ഡിസംബർ 20 വരെ ഹാക്കത്തോണിലേക്ക് ആശയങ്ങൾ സമർപ്പിക്കാം. കൂടാതെ, സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനം വകുപ്പ് "മിഷൻ ഫെൻസിങ്' 2024 എന്ന പേരില്‍ തീവ്രയജ്ഞ പരിപാടി നടത്തും.

സംസ്ഥാനത്തെ 1400 കിലോമീറ്ററിലായുള്ള സൗരോർജ വേലികളിൽ തകരാറുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പൊതുജന പങ്കാളിത്തത്തോടെ പദ്ധതിരേഖ തയ്യാറാക്കും. ഒരു മാസം നീളുന്ന ക്യാംപെയിനില്‍ സൗരോർജ വേലികളുടെ തത്‌സ്ഥിതി കണക്കെടുക്കും.

തകര്‍ന്ന സൗരോർജ വേലികളുടെ അറ്റകുറ്റപ്പണികൾ പൊതുജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ നടത്തുന്നതാണ് രണ്ടാംഘട്ടം. അവസാന ഘട്ടത്തില്‍ പ്രവർത്തനക്ഷമമാക്കിയ സൗരോർജവേലികൾ നാടിനു സമർപ്പിക്കും.

Trending

No stories found.

Latest News

No stories found.