എതിര്‍ സ്ഥാനാര്‍ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്‌കാരം നിന്ദ്യം; എം.ബി. രാജേഷ്

ഡോ. സരിൻ തന്‍റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് അഭിവാദ്യം ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്
mb rajesh defends chief minister pinarayi vijayan
mb rajesh
Updated on

തിരുവനന്തപുരം: പാലക്കാട് വിവാഹ വേദിയിലെ ഹസ്തദാന വിവാദത്തില്‍ ഇടത് സ്ഥാനാര്‍ഥി ഡോ. പി സരിന് പിന്തുണയുമായി മന്ത്രി എം.ബി രാജേഷ്. എതിര്‍ സ്ഥാനാര്‍ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്‌കാരം നിന്ദ്യമാണെന്നും പരസ്പരം എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു എന്നതുകൊണ്ട് കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോയെന്നും എം.ബി രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ‌ ചോദിക്കുന്നു. യുഡിഎഫ് സ്ഥാനാർഥിയുടെയും സ്പോൺസറുടെയും പെരുമാറ്റം ജനം അളക്കുമെന്നും മന്ത്രി പറയുന്നു.

എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടുമെന്നതാണ് പാലക്കാടെ യുഡിഎഫ് സ്ഥാനാർഥിയും അദ്ദേഹത്തിന്‍റെ സ്പോൺസർ വടകര എംപിയും ഡോ. സരിനോട് ചെയ്തതിൽ നിന്നും മനസിലാക്കുന്നത്. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരിൽ നിന്നുണ്ടായത്. തനിക്കെതിരെ ആദ്യം മത്സരിച്ചത് സതീശൻ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. എം.പി. വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയിൽ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല. വി.കെ. ശ്രീകണ്ഠനോട് 2019 ൽ ഞാൻ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാൾ അതുവഴി പോകുമ്പോൾ ശ്രീകണ്ഠൻ വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ച് സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്. തൃത്താലയിൽ വി.ടി. ബൽറാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങൾ മുതിർന്നിട്ടില്ല.

ഡോ. സരിൻ തന്‍റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് അഭിവാദ്യം ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയതെന്നും രാജേഷ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.