സ്ഥാനാർഥി പരിചയം: ആറ്റിങ്ങൽ മണ്ഡലം
പ്രശാന്ത് ആര്യ
കേരളത്തിലെ വിവിധ ലോക്സഭാ മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാർഥികളെ മണ്ഡലങ്ങളിൽ നിന്നു നേരിട്ടു പരിചയപ്പെടുത്തുന്ന പരമ്പര തുടരുന്നു. ഇത്തവണ ആറ്റിങ്ങൽ മണ്ഡലം. കോൺഗ്രസിന്‍റെ സിറ്റിങ് എംപി അടൂർ പ്രകാശ് തന്നെ ഇത്തവണയും യുഡിഎഫിനെ പ്രതിനിധീകരിക്കുന്നു. എൽഡിഎഫ് പ്രതിനിധഇയും വർക്കല എംഎൽഎയുമായ വി. ജോയിയാണ് പ്രധാന എതിരാളി. കേന്ദ്ര സഹമന്ത്രി എന്ന നിലയിൽ ബിജെപി സ്ഥാനാർഥി വി. മുരളീധരന്‍റെ സാന്നിധ്യവും ശ്രദ്ധേയം.
വികസനത്തുടർച്ചയ്ക്ക് വോട്ട് തേടി അടൂർ പ്രകാശ്
ആറ്റിങ്ങലിൽ ഒന്നരപ്പതിറ്റാണ്ടായി തുടർന്ന ഇടത് അപ്രമാദിത്വം അട്ടിമറിച്ചാണ് അടൂർ പ്രകാശ് 2019ൽ ലോക്സഭയിലേക്ക് ജയിച്ചു കയറിയത്. 2004 മുതൽ സിപിഎമ്മിന്‍റെ കുത്തകയായിരുന്നു ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. അതാണ് അടൂർ പ്രകാശ് തകർത്തത്. 2009ൽ യുഡിഎഫ് കേരളത്തിലെ 16 മണ്ഡലങ്ങൾ ജയിച്ചപ്പോഴും ആദ്യകാല സിപിഎം നേതാവ് അനിരുദ്ധന്‍റെ മകൻ എ. സമ്പത്തിലൂടെ സിപിഎം ആറ്റിങ്ങൽ നിലനിർത്തിയിരുന്നു.
വർക്കല രാധാകൃഷ്ണന്‍റെ പിൻഗാമിയായാണ് സമ്പത്ത് 2009ൽ എൽഡിഎഫിനുവേണ്ടി മത്സരിക്കാനെത്തിയത്. ആ ഉറപ്പാണ് അടൂർ പ്രകാശ് 2019ൽ തകർത്തത്. ശബരിമല യുവതീപ്രവേശവും രാഹുൽഗാന്ധിയുടെ വയനാട്ടെ മത്സരവും കേരളത്തിൽ യുഡിഎഫിന് അനുകൂല മണ്ണൊരുക്കിയിരുന്നു. അടൂർ പ്രകാശിന്‍റെ വ്യക്തിപ്രഭാവവും മികച്ച സംഘാടകനെന്ന പെരുമയും കൂടിച്ചേർന്നപ്പോൾ ഏതു കൊടുങ്കാറ്റിനെയും അതിജീവിക്കാമെന്ന ആത്മവിശ്വാസത്തിൽ ഹാട്രിക് വിജയത്തിനായി മൂന്നാമതും മത്സരിക്കാനിറങ്ങിയ സിപിഎമ്മിനും സമ്പത്തിനും പിടിച്ചുനിൽക്കാനായില്ല. ബിജെപിയുടെ വനിതാനേതാവ് ശോഭ സുരേന്ദ്രൻ ഏതാണ്ട് മൂന്നിരട്ടി വോട്ട് വർധിപ്പിച്ചതു പോലും അടൂർ പ്രകാശിന് ഭീഷണിയായില്ലെന്നതാണ് സത്യം. 38,247 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അടൂർ പ്രകാശ് ഇടതുകോട്ടയായ ആറ്റിങ്ങൽ പിടിച്ചെടുത്തത്.
2024ലും ആറ്റിങ്ങൽ മണ്ഡലം കാക്കാനും നിലനിർത്താനും യുഡിഎഫിന് മുന്നിൽ അടൂർ പ്രകാശെന്നല്ലാതെ മറ്റൊരു പേരും ഉയർന്നില്ല. കെപിസിസിയിൽ മാത്രമല്ല എഐസിസിയിലും അടൂർ പ്രകാശ് സർവസമ്മതൻ. സാധാരണ സംഭവിക്കാറുള്ള ഗ്രൂപ്പ് വഴക്കോ സ്ഥാനാർഥിത്വത്തിനു വേണ്ടിയുള്ള പിടിവലിയോ ആറ്റിങ്ങൽ മണ്ഡലത്തിലെ കോൺഗ്രസിനുള്ളിൽ ഇല്ല എന്നത് എടുത്തു പറയേണ്ടതാണ്. ഇതാണ് അടൂർ പ്രകാശ് എളുപ്പത്തിൽ ചാടിക്കടന്ന ഒന്നാമത്തെ കടമ്പ.
എംപി ഫണ്ട് വിനിയോഗം
തനിക്ക് ലഭിച്ച 17.62 കോടി രൂപയുടെ എംപി ഫണ്ട് ആറ്റിങ്ങൽ മണ്ഡലത്തിൽ പൂർണമായും ചെലവഴിക്കാനായെന്ന് അടൂർ പ്രകാശ്. ആദ്യ പാർലമെന്‍റ് സമ്മേളനത്തിൽ ആദ്യ സബ്മിഷനായി അവതരിപ്പിച്ചത് ആറ്റിങ്ങലിൽ ബൈപ്പസ് പൂർത്തിയാക്കണമെന്ന ആവശ്യമായിരുന്നു. തിരുവനന്തപുരത്തിന് വടക്കോട്ട് കൊല്ലത്തേക്ക് ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് ഈ ബൈപ്പാസിന്‍റെ ആവശ്യകത എത്രയെന്ന തിരിച്ചറിവുണ്ട്. മാത്രമല്ല ഈ ബൈപ്പാസ് പൂർത്തിയാകുന്നതോടെ ആറ്റിങ്ങൽ നിവാസികൾക്കും ഗതാഗത കുരുക്ക് ഒഴിയുന്നതിന്‍റെ ആശ്വാസം ലഭിക്കും. കഴക്കൂട്ടം - പാരിപ്പള്ളി ദേശീയപാത ആറുവരിയാക്കൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആറ്റിങ്ങൽ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി ചെലവഴിച്ച തുക 62.22 കോടി രൂപയാണ്. 83.76 കിലോമീറ്റർ ദൈർഘ്യത്തിൽ 16 റോഡുകൾക്കായാണ് ഈ തുക വിനിയോഗിച്ചത്.
വെല്ലുവിളിയും പ്രതീക്ഷയും
തിരുവനന്തപുരം ജില്ലയുടെ വടക്കേ അതിർത്തിയായ തീരദേശത്തുള്ള വർക്കല, ചിറയിൻകീഴ് മണ്ഡലങ്ങൾ കഴിഞ്ഞാൽ ആറ്റിങ്ങലും പിന്നെ മലയോരമേഖലയിലെ വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട എന്നി നിയമസഭാ മണ്ഡലങ്ങളും ചേരുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. ഈ ഏഴു മണ്ഡലങ്ങളിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ആണ് ജയിച്ചത്. 2024ൽ മത്സരിക്കാനിറങ്ങുന്ന അടൂർ പ്രകാശിന് മുന്നിലെ പ്രധാന വെല്ലുവിളിയും ഇതുതന്നെ. എതിരാളികൾ ആരും നിസാരക്കാരല്ല. ആറ്റിങ്ങൽ എന്തുവിലയും കൊടുത്തും തിരിച്ചുപിടിക്കാൻ എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി. ജോയിയെയാണ്. ബിജെപിക്കു വേണ്ടി മത്സരിക്കുന്നതാകട്ടെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും. രണ്ടുപേരും തനിക്കൊത്ത എതിരാളികളാണെങ്കിലും ആറ്റിങ്ങലിലെ വോട്ടർമാർ ഇക്കുറിയും തന്നെ ജയിപ്പിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് അടൂർ പ്രകാശ്.
എംപി എന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷവും മണ്ഡലത്തിൽ നടത്തിയ സമാനതകളില്ലാത്ത വികസനപ്രവർത്തനം തന്നെ തുണയ്ക്കുമെന്ന ഉറപ്പും അദ്ദേഹത്തിനുണ്ട്. എണ്ണം പറഞ്ഞ 571 പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പാക്കിയതെന്ന് അദ്ദേഹം പറയുന്നു. പൊള്ളയായ വാഗ്ദാനങ്ങൾ നല്കുകയല്ല മറിച്ച് പറഞ്ഞവ ജനങ്ങൾക്ക് ഉപകാരപ്പെടും വിധം പൂർത്തിയാക്കി പ്രവർത്തിപ്പിക്കുകയാണ് ജനപ്രതിനിധിയുടെ കടമയെന്നും അദ്ദേഹം വിശ്വസിക്കുന്നു. 2019 ൽ വിജയിച്ച ഉടനെ ആദ്യം ആറ്റിങ്ങലിൽ ഒരു എംപി ഓഫീസ് തുറന്ന അടൂർ പ്രകാശ് വാഗ്ദാനങ്ങൾ കഴിയുന്നത്ര നിറവേറ്റുമെന്ന പ്രതീക്ഷ നിലനിർത്തി. അടുത്ത തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ വാഗ്ദാനങ്ങൾ നിറവേറ്റിയതിന്‍റെ പട്ടികയുമായാണ് ആറ്റിങ്ങലിലെ വോട്ടർമാരെ അദ്ദേഹം സമീപിക്കുന്നത്. വിളിച്ചാൽ വിളിപ്പുറത്തുള്ള എംപി എന്ന വിശേഷണം അടൂർ പ്രകാശിന് ചേരുമെന്ന് യുഡിഎഫ് പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു.
വിലക്കയറ്റം മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാനസർക്കാരുകൾ ഒന്നും ചെയ്യുന്നില്ല. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുന്നു. മതവർഗീയ രാഷ്ട്രീയത്തിന്‍റെ തേരോട്ടം നിയന്ത്രിക്കാൻ കോൺഗ്രസിനെ കഴിയൂ. സംസ്ഥാനത്തും സ്ഥിതി വ്യത്യസ്തമല്ല. ഫാസിസ്റ്റ് ഭരണമാണ് ഇടതുമുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കു നേരെ ഉയർന്ന സ്വർണക്കടത്ത് പോലുള്ള ആരോപണങ്ങൾക്ക് ഇതുവരെ ശരിയായ മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളും ഒത്തുകളിക്കുന്നു. സർവത്ര പരാജയപ്പെട്ട ഈ രണ്ടു സർക്കാരുകളെയും അധികാരത്തിൽ നിന്ന് താഴെയിറക്കി കോൺഗ്രസിനെ വിജയിപ്പിച്ചാൽ മാത്രമേ രാജ്യത്ത് സമാധാനവും ശാന്തിയും പുരോഗതിയും ഉണ്ടാകൂ, അടൂർ പ്രകാശ് പറയുന്നു.
ആരോഗ്യമേഖലയ്ക്കും ആരോഗ്യം
ആറ്റിങ്ങൽ മണ്ഡലത്തിലെ ആരോഗ്യമേഖലയ്ക്ക് ആരോഗ്യമുണ്ടാക്കാനായി എന്നതാണ് പ്രധാനനേട്ടമായി അടൂർ പ്രകാശ് ഉയർത്തിക്കാട്ടുന്നത്. നാവായിക്കുളം ഇഎസ്ഐ ആശുപത്രി കെട്ടിടത്തിന് 5.2 കോടി രൂപ, മണ്ഡലത്തിലെ വിവിധ ആശുപത്രികളിൽ ആംബുലൻസ് വാങ്ങുന്നതിന് 18 ലക്ഷം രൂപ, വിവിധ ആശുപത്രികളിൽ ചികിത്സാ ഉപകരണങ്ങൾ വാങ്ങുന്നതിന് 50 ലക്ഷം രൂപ, വർക്കല പ്രകൃതി ചികിത്സാകേന്ദ്രത്തിന് 15.76 കോടി രൂപ തുടങ്ങി ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ആരോഗ്യമേഖലയ്ക്ക് അദ്ദേഹം വഴി ആകെ അനുവദിച്ചത് 21 കോടി 46 ലക്ഷം രൂപയാണ്. കൊവിഡ് കാലത്ത് ആറ്റിങ്ങൽ കെയറിലൂടെ മണ്ഡലത്തിലും വിദേശത്തും നിരവധി പേർക്ക് സഹായമെത്തിക്കാൻ കഴിഞ്ഞതായി അടൂർ പ്രകാശ് പറയുന്നു. കൊവിഡിന്‍റെ സമയത്ത് ആറ്റിങ്ങലിലെ ജനങ്ങൾക്ക് ഒപ്പം മുഴുവൻ സമയവും പ്രവർത്തിക്കാൻ കഴിഞ്ഞതും നേട്ടമായി അദ്ദേഹം കരുതുന്നു.
റെയ്ൽവേ വികസനം
ആറ്റിങ്ങൽ മണ്ഡലത്തിലുൾപ്പെടുന്ന ചിറയിൻകീഴ് റെയ്ൽവേ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിപ്പിക്കാനായി. വർക്കല, കടക്കാവൂർ സ്റ്റേഷനുകളിൽ കൂടുതൽ ട്രെയ്നുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കാൻ പരിശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വർക്കല, ചിറയിൻകീഴ് റെയ്ൽവേ സ്റ്റേഷനുകളുടെ കാലാനുസൃതമായ വികസനവും അദ്ദേഹം എണ്ണിപ്പറയുന്നു.
അടൂർ പ്രകാശ് എംപി അപേക്ഷിച്ച വികസനപദ്ധതികൾക്ക് 100 ശതമാനം ഭരണാനുമതി കേന്ദ്രസർക്കാർ അനുവദിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചിട്ടയായ പ്രവർത്തനമാണ് മണ്ഡലത്തിൽ നടന്നുവരുന്നതെന്ന് അടൂർ പ്രകാശ്. മണ്ഡലം കൺവെൻഷനുകളുമായി പ്രചാരണം മുന്നോട്ടു പോകുകയാണ്.
കോട്ട തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി ജോയി
ഒന്നരപ്പതിറ്റാണ്ട് എതിരാളിയില്ലാതെ എൽഡിഎഫും സിപിഎമ്മും അടക്കിവാണ ലോക്സഭാ മണ്ഡലമാണ് ആറ്റിങ്ങൽ. 2004 വരെ ചിറയിൻകീഴായിരുന്ന മണ്ഡലം പുനഃസംഘടിപ്പിച്ചപ്പോഴാണ് 2009ൽ ആറ്റിങ്ങലായത്. 2004ൽ ചിറയിൻകീഴിലും 2009 മുതൽ ആറ്റിങ്ങലിലും വെന്നിക്കൊടി പാറിച്ചത് സിപിഎമ്മാണ്. രാഷ്‌ട്രീയ എതിരാളികളുടെ ഏതടവും മറികടന്ന് ആറ്റിങ്ങലിനെ ഒപ്പം നിർത്താൻ 2019 വരെ സിപിഎമ്മിനും ഇടതുപക്ഷത്തിനും സാധിച്ചിരുന്നു.
എന്നാൽ 2019ൽ ഹാട്രിക് വിജയത്തിനിറങ്ങിയ സിപിഎമ്മിന്‍റെ എക്കാലത്തെയും കരുത്തുറ്റ പോരാളി എ. സമ്പത്തിന് അടിതെറ്റി. ഫലമോ, 38,247 വോട്ടുകൾക്ക് തോൽവി. ഈ നാണക്കേടിന്‍റെ കറ കഴുകിക്കളഞ്ഞ് 2024ൽ മണ്ഡലം തിരിച്ചുപിടിക്കാനാണ് ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി. ജോയി എന്ന ചിറയിൻകീഴുകാരനെ തന്നെ പാർട്ടി നിയോഗിച്ചത്.
എതിരാളികൾ പക്ഷേ ചില്ലറക്കാരല്ല. യുഡിഎഫിനു വേണ്ടി സിറ്റിങ് എംപി അടൂർ പ്രകാശും എൻഡിഎയ്ക്കു വേണ്ടി കേന്ദ്രമന്ത്രി വി. മുരളീധരനും. ഇത്തവണ സംസ്ഥാനത്തു കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങൽ.
രാഷ്‌ട്രീയക്കളരിയിൽ ചുവടുപിഴയ്ക്കാത്ത നേതാവ്
വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ജോയിക്ക് രാഷ്‌ട്രീയക്കളരിയിൽ ഒരിക്കലും ചുവടുകൾ പിഴച്ചിട്ടില്ല. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ പാർട്ടി സംവിധാനം പൂർണമായും അരയും തലയും മുറുക്കി സ്ഥാനാർഥിക്കൊപ്പമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാസം മുമ്പേ താഴേത്തട്ടുമുതൽ സിപിഎം ചിട്ടയായ പ്രവർത്തനം ആരംഭിച്ചത് വിജയത്തിൽ കുറഞ്ഞ് മറ്റൊന്നിനും തയ്യാറല്ലെന്ന സന്ദേശം രാഷ്‌ട്രീയ എതിരാളികൾക്ക് നൽകുന്നു.
ഐക്യകേരളം രൂപീകരിക്കപ്പെട്ട് ആദ്യം ചിറയിൻകീഴും പിന്നീട് ആറ്റിങ്ങലും ആയ മണ്ഡലത്തിൽ നടന്ന 16 തെരഞ്ഞെടുപ്പുകളിൽ പത്തിലും ജയിച്ചത് ഇടതുപക്ഷമാണ്. ആറു തവണ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. അതും വയലാർ രവി, തലേക്കുന്നിൽ ബഷീർ പോലുള്ള മികച്ച സ്ഥാനാർഥികളെ നിർത്തിയപ്പോൾ.
ഇടതുകോട്ട എന്ന വിശേഷണം തിരിച്ചുകിട്ടുമോ?
പൊതുവേ ആറ്റിങ്ങൽ ഇടതു കോട്ടയായാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷുകാർക്കെതിരേ അരങ്ങേറിയ സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളും കർഷക സമരങ്ങളും ആറ്റിങ്ങലിന്‍റെ രാഷ്‌ട്രീയ പാരമ്പര്യത്തെ സമ്പന്നമാക്കുന്നു. കടലും കായലും കൈകോർക്കുന്ന തീരദേശവും നാണ്യവിളകളാൽ സമൃദ്ധമായ മലയോരമേഖലയും ആറ്റിങ്ങലിന്‍റെ പ്രത്യേകതയാണ്.
ഒരു കാലത്ത് കയർ- കശുവണ്ടി വ്യവസായങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്ന മണ്ഡലം കൂടിയാണ്. അതിനാൽത്തന്നെ തൊഴിലാളി സംഘടനകളുടെ അടിത്തറയിൽ നിന്നുകൊണ്ട് രാഷ്‌ട്രീയ പ്രബുദ്ധത നേടിയ വോട്ടർമാരാണ് ഇവിടെയുള്ളത്. ഇത്തരം നിരവധി ഘടകങ്ങൾ ചേർന്നാണ് മണ്ഡലത്തെ ഇടത് ആഭിമുഖ്യത്തിലാക്കിയതെന്നും രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. ഈ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും 2021ൽ വിജയിച്ചത് എൽഡിഎഫ് ആണ്. ഈ വിജയമാണ് എൽഡിഎഫിനും ജോയിക്കും ഒരുപോലെ ആത്മവിശ്വാസമേകുന്നത്.
വിജയവഴിയിൽ മുന്നേറാൻ...
ഒരുകാലത്ത് എൽഡിഎഫിന്‍റെ ഉറച്ച കോട്ടയായിരുന്ന വർക്കല നിയമസഭാ മണ്ഡലം തുടർച്ചയായി മൂന്നു തവണ നഷ്ടപ്പെട്ടപ്പോൾ തിരിച്ചുപിടിക്കാൻ സിപിഎം നിയോഗിച്ചത് ജില്ലാ പഞ്ചായത്തംഗമായിരുന്ന ജോയിയെയാണ്.
പാർട്ടി പ്രതീക്ഷിച്ചപോലെ 2016ലെ കന്നിയങ്കത്തിൽ തന്നെ കോൺഗ്രസിലെ വർക്കല കഹാറിനെ അട്ടിമറിച്ച് ജോയി നിയമസഭയിലെത്തി. 2021ലെ തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷവുമായി വീണ്ടും വർക്കലയിൽ വിജയക്കൊടി പാറിച്ചു. ചിറയിൻകീഴ് ശ്രീചിത്തിര വിലാസം സ്കൂൾ ലീഡറായി വിജയിച്ച ജോയി തുടർന്ന് മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചു.
ചെമ്പഴന്തി എസ്എൻ കോളെജിൽ നിന്ന് തുടർച്ചയായി രണ്ടു വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, അഴൂർ പഞ്ചായത്ത് പ്രസിഡന്‍റ്, രണ്ടു തവണ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നിങ്ങനെയായിരുന്നു ജോയിയുടെ ജൈത്രയാത്ര. ഈ ട്രാക്ക് റെക്കോർഡാണ് ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യം ജോയിയെ ഏൽപ്പിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
അടിസ്ഥാനസൗകര്യ വികസനം വോട്ടാകും
ഒന്നും രണ്ടും പിണറായി സർക്കാരുകൾ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന പ്രദേശത്തിന്‍റെ വികസനത്തിന് വലിയ പ്രാധാന്യം നൽകിയെന്നാണ് എൽഡിഎഫ് വാദം.
മണ്ഡലത്തിലുണ്ടായ സമഗ്രപുരോഗതിക്ക് തെളിവായി ലൈഫ് സയൻസ് പാർക്കും വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടും രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയും ടെക്‌നോ സിറ്റിയും അവർ ചൂണ്ടിക്കാട്ടുന്നു. സയൻസ് പാർക്കിന്‍റെയും സ്‌പെയ്‌സ് പാർക്കിന്‍റെയും നിർമാണം പുരോഗമിക്കുന്നു.
റോഡുകളും പാലങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും അടക്കം യാഥാർഥ്യമായ അടിസ്ഥാന സൗകര്യവികസനവും വോട്ടായി മാറുമെന്നാണ് എൽഡിഎഫിന്‍റെ കണക്കുകൂട്ടൽ.
ക്യാംപസ് - തീരം - ഊര്...
മണ്ഡലത്തിലെ വിവിധ ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പസ് ജോയി പരിപാടി വൻവിജയമെന്നാണ് ജോയിയും പാർട്ടിയും വിലയിരുത്തുന്നത്.
സ്ഥാനാർഥിയും വിദ്യാർഥികളുമായി ചൂടേറിയ ചർച്ചകളാണ് മിക്ക ക്യാമ്പസുകളിലും നടന്നത്. എന്നും എവിടെയും വിദ്യാർഥികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ശബ്ദമാകുമെന്ന് ഉറപ്പാണ് ജോയി നൽകുന്നത്.
തീരമറിഞ്ഞ് ജോയി എന്ന പേരിൽ ചിറയിൻകീഴ്, വർക്കല മണ്ഡലങ്ങളിലെ തീരദേശ മേഖലയിൽ പര്യടനം നടത്തിയ സ്ഥാനാർഥി മലയോരമേഖലയിലും എത്തി. 'ഊരറിഞ്ഞ് ജോയി' എന്നാണ് ആദിവാസി ഊരുകളിലെ പര്യടനത്തിന് നൽകിയിരിക്കുന്ന പേര്.
ആദ്യമായി താമര വിരിയിക്കാൻ മുരളീധരൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ബിജെപിക്ക് ഇന്നും ബാലികേറാമലയാണ്. കേരളത്തിലെ പല ബിജെപി നേതാക്കളെയും സംസ്ഥാനത്തിന് പുറത്തുനിന്ന് രാജ്യസഭയിലേക്ക് എത്തിച്ച് സഹമന്ത്രി സ്ഥാനവും നൽകി പയറ്റിയിട്ടും കേരളത്തിലെ 20 ലോക്സഭാ മണ്ഡലത്തിൽ ഒന്നിൽ പോലും ഇതേവരെ ബിജെപിക്ക് ജയിക്കാനായിട്ടില്ല.
ഇക്കുറി എന്തു വില കൊടുത്തും ലോക്സഭയിലേക്ക് പലേടത്തും ജയിച്ചുകയറുമെന്ന് ശപഥം ചെയ്ത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് മുന്നേറുകയാണ് ബിജെപി. അതിന്‍റെ ഭാഗമായി രണ്ടുമൂന്നു വർഷത്തിലധികമായി ആറ്റിങ്ങൽ മണ്ഡലത്തിൽ പ്രവർത്തിച്ചുവരികയാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിൽ വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരൻ.
നയതന്ത്ര ചാതുര്യം വോട്ടാകുമോ?
രാജ്യത്തെ നയതന്ത്ര ബന്ധത്തിന്‍റെ താക്കോൽ സ്ഥാനങ്ങൾക്കു പുറമേ പാര്‍ലമെന്‍ററി കാര്യവകുപ്പും പാസ്‌പോര്‍ട്ട് ഓഫിസുകളുടെ മേല്‍നോട്ടവും വഹിക്കുകയാണ് വി. മുരളീധരൻ. രാജ്യസഭയിലെ സര്‍ക്കാര്‍ ഡെപ്യൂട്ടി ചീഫ് വിപ്പുമാണ്.
യുദ്ധമുഖത്തും വിദേശ ജയിലുകളിലും കടൽക്കൊള്ളക്കാരുടെ പിടിയിലും അകപ്പെട്ട മലയാളികളെ നാട്ടിൽ തിരികെയെത്തിക്കാൻ അദ്ദേഹം നടത്തിയ പ്രവർത്തനത്തെ രാഷ്‌ട്രീയ എതിരാളികൾ പോലും ശ്ലാഘിക്കുന്നു. മഹാരാഷ്‌ട്രയിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് എത്തിയതെങ്കിലും കേരളവും കർമ മണ്ഡലമാക്കി മോദി സർക്കാരിന്‍റെ ക്ഷേമപ്രവർത്തനങ്ങളുടെ പങ്ക് കേരളത്തിലും എത്തിച്ചു. ഇന്ത്യയുടെ വിദേശനയത്തിന് രാജ്യാന്തര സമ്മതി ലഭിക്കുമ്പോൾ അതിനു വേണ്ടി യത്നിച്ചവരിൽ വി. മുരളീധരന്‍റെ പേരും ഏതു മലയാളിക്കും അഭിമാന പുരസരം പറയാനാകും.
ലോകനേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ ഇന്ത്യയുടെ നയതന്ത്രമുഖമായി മാറിയ അദ്ദേഹം ഐക്യരാഷ്‌ട്ര സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ച് രാജ്യത്തിന്‍റെ ശബ്ദവുമായി. ജി 20 ബ്രസീല്‍ ഉച്ചകോടി മന്ത്രിതല സമ്മേളനത്തിലും ഭാരതത്തെ പ്രതിനിധീകരിച്ചത് വി. മുരളീധരനായിരുന്നു. ഈ നയതന്ത്ര ചാതുര്യം ആറ്റിങ്ങലിൽ വോട്ടാക്കി മാറ്റാൻ മുരളീധരന് കഴിയുമോ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ആറ്റിങ്ങലിനു വേണ്ടിയും
രാജ്യാന്തരതലത്തിൽ നയതന്ത്ര വൈദഗ്ധ്യം കാഴ്ചവച്ച വി. മുരളീധരൻ ആറ്റിങ്ങലിൽ വോട്ടുറപ്പിക്കാൻ മോദിയുടെ ഗ്യാരന്‍റിയും മുന്നോട്ടുവയ്ക്കുന്നു. വിവിധ കേന്ദ്ര പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കിയതിന്‍റെ പട്ടിക വോട്ടർമാർക്ക് മുന്നിൽ വച്ചാണ് അദ്ദേഹത്തിന്‍റെ പര്യടനം. ഒപ്പം നടപ്പാക്കാനുദ്ദേശിക്കുന്ന വികസനപ്രവർത്തനങ്ങളുടെ രൂപരേഖയും അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. മോദിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ബിജെപിയെ വിജയിപ്പിക്കണമെന്ന അഭ്യർഥനയും. കേന്ദ്രമന്ത്രിയാകുന്ന സ്ഥാനാർഥിയെ വിജയിപ്പിക്കണോ പ്രതിപക്ഷത്തിരിക്കുന്ന എംപിയെ വേണോ എന്ന ചോദ്യവും ബിജെപിക്കാർ മണ്ഡലത്തിലുടനീളം പ്രചാരണ ആയുധമാക്കുന്നു.
നിരവധി മത്സ്യത്തൊഴിലാളി ജീവനുകളാണ് അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ പൊലിഞ്ഞത്. അപകടങ്ങള്‍ക്ക് ശാശ്വതപരിഹാം കാണാന്‍ വി. മുരളീധരൻ നേരിട്ടിടപെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രിയെ എത്തിച്ച് നടപടി തുടങ്ങി. ആറ്റിങ്ങല്‍ ബൈപ്പാസ്, ചിറയിന്‍കീഴിൽ ഉള്‍പ്പെടെ റെയ്ൽവേ മേല്‍പ്പാലങ്ങള്‍, ശിവഗിരി ഉള്‍പ്പെടെ റെയ്ൽവേ സ്റ്റേഷനുകളുടെ വികസനങ്ങള്‍, യുവാക്കള്‍ക്കായി തൊഴില്‍ മേളകള്‍... അങ്ങനെ നീളുന്നു അദ്ദേഹം ഇടപെട്ട മേഖലകള്‍. തിരുവനന്തപുരം - കൊല്ലം ദേശീയപാത ആറുവരിയാക്കൽ ഏറ്റവും വലിയ നേട്ടമായാണ് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്.
പഞ്ചായത്തുകൾ തോറും പദയാത്രകൾ
വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ മോദി സർക്കാരിന്‍റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് വി. മുരളീധരന്‍റെ പദയാത്ര. വിജയിച്ചാൽ മണ്ഡലത്തിൽ നടപ്പാക്കാൻ കഴിയുന്ന വികസനപ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. പഞ്ചായത്തു തലത്തിൽ വാർഡ് മെംബർമാരെ വിളിച്ചുചേർത്ത് കേന്ദ്ര സഹായത്തോടെ പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാനും അദ്ദേഹം മുൻകൈയെടുക്കുന്നു. നൈപുണ്യ വികസനത്തിലൂടെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാമെന്ന് അദ്ദേഹം പറയുന്നു. അതിനുതകുന്ന കേന്ദ്ര പദ്ധതികൾ കൊണ്ടുവരുമെന്നാണ് വാഗ്ദാനവും. ഇടതു, വലത് മുന്നണികളെ മാറിമാറി പരീക്ഷിച്ചിട്ടുള്ള ആറ്റിങ്ങലിലെ ജനത ഇക്കുറി എൻഡിഎയ്ക്ക് അവസരം നൽകുമെന്ന ശുഭപ്രതീക്ഷയിലാണ് വി. മുരളീധരനും ബിജെപിയും.
മഹാമാരിയിലും യുദ്ധമുഖത്തും
കൊവിഡ് മഹാമാരിക്കാലത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേഭാരത് മിഷന്‍റെ അമരക്കാരനായിരുന്നു വി. മുരളീധരൻ. റഷ്യ- യുക്രെയ്ന്‍ യുദ്ധഭൂമിയില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗയിലൂടെ വിദ്യാര്‍ഥികളെ ഉള്‍പ്പെടെ 20,000 ത്തിലധികം പേരെയാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ തിരിച്ചെത്തിച്ചത്. ഓപ്പറേഷന്‍ കാവേരി, ദേവീശക്തി, ദോസ്ത് തുടങ്ങിയ രക്ഷാദൗത്യങ്ങളും അദ്ദേഹം വിജയകരമായി പൂർത്തിയാക്കി.
ഇറാനില്‍ നിന്ന് രക്ഷപ്പെടുത്തിയ അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികള്‍ മുതല്‍ നൈജീരിയയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ മലയാളിനാവികര്‍ അടക്കം വി. മുരളീധരന്‍റെ ഇടപെടലില്‍ ജീവിത്തിലേക്ക് മടങ്ങിയെത്തിയവര്‍ നിരവധിയുണ്ട്. ഇറാനിലെ വിദൂര ദ്വീപില്‍ അകപ്പെട്ടു പോയ കോഴിക്കോട് സ്വദേശി വത്സലയെ കപ്പൽ അയച്ചാണ് രക്ഷിച്ചത്. ഏറ്റവുമൊടുവില്‍ സുഡാന്‍ രക്ഷാദൗത്യത്തിന്‍റെ ചുമതലയും പ്രധാനമന്ത്രി നരേന്ദ്രമോദി വി. മുരളീധരന് നൽകി.
ലോകത്തെവിടെയാണെങ്കിലും ആപത്തിൽ പെടുന്ന ഇന്ത്യാക്കാരനെ രക്ഷിക്കാൻ നരേന്ദ്രമോദി ഉണ്ടെന്ന വിശ്വാസത്തിലാണ് ജനം. അതുപോലെ ലോകത്തെവിടെയും ആപത്തിൽ പെടുന്ന മലയാളിയെ രക്ഷിക്കാൻ വി. മുരളീധരനുണ്ടെന്ന പ്രചാരണമാണ് മണ്ഡലത്തിൽ ബിജെപി നടത്തുന്നത്.