തിരുവനന്തപുരം: പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ മന്ത്രാലയം. കൊവിഡ് കാലത്ത് കൂട്ടിയ പാസഞ്ചര്‍, മെമു ട്രെയിനുകളിലെ നിരക്കാണ് ഇപ്പോൾ പുന:സ്ഥാപിച്ചത്. മിനിമം ചാർജ് 30 രൂപയിൽ നിന്ന് 10 രൂപയാക്കിയാണ് കുറച്ചത്. സ്ഥിരം യാത്രക്കാരെ സംബന്ധിച്ച് ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് ഉണ്ടായത്.
രണ്ട് ദിവസം മുൻപാണ് നോർത്തേൺ റെയിൽവേയിൽ നിരക്കിൽ മാറ്റം വരുത്തിയത്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. യുടിഎസ് ആപ്പുകൾ വഴി ടിക്കറ്റുകൾ ലഭിച്ചു തുടങ്ങി.
കൊവിഡ് കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കാൻ പാസഞ്ചർ ട്രെയിനുകള്‍ റെയില്‍വെ മന്ത്രാലയം നിർത്തിവെച്ചിരുന്നു. കൊവിഡിന് ശേഷം പാസഞ്ചർ ട്രെയിനുകള്‍ തിരിച്ചുവന്നെങ്കിലും എക്സ്പ്രസ് ട്രെയിനുകളുടെ അതേ നിരക്കാണ് ഈടാക്കിയിരുന്നത്. പഴയ നിരക്കിലേക്ക് മടങ്ങിപ്പോകണമെന്ന് ജനപ്രതിനിധികളും വിവിധ സംഘടനകളും ഏറെനാളായി ആവശ്യപ്പെട്ടിരുന്നു.