തിരുവനന്തപുരം: ഡോ.എപിജെ അബ്ദുൾകലാം സ്റ്റഡി സെന്‍റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് മെട്രൊ വാർത്ത ദിന പത്രം ലേഖകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ സി.അലക്സ് അർഹനായി. മാധ്യമപ്രവർത്തകരായ പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, കെ.സി. സ്മിജൻ, പരിസ്ഥിതി പ്രവർത്തകൻ എം.എൻ. ഗിരി, എഴുത്തുകാരൻ കെ.പി. ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്‍റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ സ്മരണാര്‍ഥം രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡോ. എപിജെ അബ്ദുള്‍ കലാം സ്റ്റഡി സെന്‍റര്‍. കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാവര്‍ഷവും സംഘടന കലാ-സാംസ്‌കാരിക മാധ്യമ ജീവകാരുണ്യ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തുന്ന പ്രതിഭകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കാറുണ്ട്.
നവംബർ ഒന്നിന് വൈകിട്ട് 3ന് ആലുവ പി വി മാത്യു മെമ്മോറിയൽ എഫ്ബിഒഎ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് എ. പി ജെ അബ്ദുൾ കലാം സ്റ്റഡി സെന്‍റർ ഡയറക്ടർ പൂവച്ചൽ സുധീർ പറഞ്ഞു .