തിരുവനന്തപുരം: സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് പൊതു യോജിപ്പും സമവായവും ആവശ്യമുള്ളതിനാല്‍, അത്തരം സമവായം രൂപപ്പെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ എന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. ആണവോര്‍ജ്ജ നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് നിലവില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ആവശ്യകതയുടെ 30 ശതമാനത്തോളം ആഭ്യന്തരമായി ഉത്പാദിപ്പിക്കാനുള്ള ശേഷിയേ നമുക്കുള്ളു. 70 ശതമാനത്തിലേറെ പുറത്തുനിന്ന് വാങ്ങി എത്തിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13,280 കോടി രൂപയാണ് വൈദ്യുതി വാങ്ങാൻ ചെലവഴിക്കേണ്ടിവന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ വൈദ്യുതി വാങ്ങല്‍ ചെലവ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍, കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ കെഎസ്ഇബി സിഎംഡി ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി ചര്‍ച്ച ചെയ്തു. സംസ്ഥാനം ഇപ്പോൾ തന്നെ കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്നും 266 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നുണ്ട്. ഇതിനു പുറമേ, മറ്റ് ആണവ വൈദ്യുതി നിലയങ്ങളിൽ നിന്നും സംസ്ഥാനത്തിന് വൈദ്യുതി ലഭിക്കുന്നു.
ന്യൂക്ലിയർ പവർ കോർപ്പറേഷന്‍റെ പക്കല്‍ അൺ അലോക്കേറ്റഡ് ഷെയർ ആയി അധികമുള്ള വൈദ്യുതിയുടെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നത് സംബന്ധിച്ചിട്ടുള്ള ചർച്ചകളാണ് നടത്തിയിരിക്കുന്നത്. അപ്പോള്‍ സാന്ദര്‍ഭികമായി സംസ്ഥാനത്ത് ആണവോർജ നിലയം സ്ഥാപിക്കുന്നതിനുള്ള ചർച്ചകളും നടത്തുകയുണ്ടായി. അത്രയേയുള്ളൂ- മന്ത്രി ചൂണ്ടിക്കാട്ടി.