കേരളത്തില്‍ ഡിജിറ്റല്‍ വിജ്ഞാനവ്യവസായ നിക്ഷേപം വര്‍ധിപ്പിക്കും; വ്യവസായ മന്ത്രി പി. രാജീവ്

സവിശേഷതയാര്‍ന്ന നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള സംവിധാനമാണു വേണ്ടത്
minister says digital knowledge industry investment will increase in Kerala
കേരളത്തില്‍ ഡിജിറ്റല്‍ വിജ്ഞാനവ്യവസായ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്
Updated on

കൊച്ചി: കേരളത്തിന്‍റെ ഡിജിറ്റല്‍ വിജ്ഞാന വ്യവസായ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കൊച്ചി ഹയാത് ഹോട്ടല്‍ കണ്‍വന്‍ഷന്‍ സെന്‍റെറില്‍ പ്രഥമ റോബോട്ടിക്‌സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ സേവനമേഖലയില്‍ കേരളത്തിന്‍റെ സംഭാവന നിസ്തുലമാണ്. പക്ഷേ ഉദ്പാദനമേഖലയില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. വ്യവസായം തുടങ്ങുന്നതിനും അതിനുള്ള വേദി ഒരുക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി നമ്മുടെ വ്യവസായ സൗഹൃദ റാങ്കിംഗ് 28 ല്‍ നിന്ന് 13 പടികള്‍ കടന്ന് 15 ലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ സര്‍ക്കാറിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പായി ലക്ഷ്യം നേടാന്‍ കഠിനാധ്വാനം ചെയ്തുവരുകയാണെന്ന് മന്ത്രി പറഞ്ഞു.

സവിശേഷതയാര്‍ന്ന നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള സംവിധാനമാണു വേണ്ടത്. അതിനാലാണ് വിജ്ഞാന അധിഷ്ഠിത വ്യവസായങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരും നൂതനസാങ്കേതികവിദ്യാ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും വ്യക്തമായ കാഴ്ചപ്പാടോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ പ്രധാന സമ്മേളനമാണ് റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍. ഐബിഎമ്മുമായി ചേര്‍ന്ന് ജൂലായ് മാസത്തില്‍ കൊച്ചിയില്‍ നടത്തിയ ജെനറേറ്റീവ് എഐ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഈ പ്രവര്‍ത്തന പരമ്പരയുടെ ആദ്യ പടിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്ത് 12,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന സംരംഭകരെ ഒന്നിച്ചു ചേര്‍ത്ത് നടത്തിയ ഏകദിന സമ്മേളനവും ശ്രദ്ധയാകര്‍ഷിച്ചു. ചെന്നൈയില്‍ നടത്തിയ റോഡ് ഷോ നിരവധി സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിച്ചു. ഇനി മുംബൈ, ഡല്‍ഹി, ദുബായ്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും. ഈ സമ്മേളനപരമ്പരയിലെ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ ഒത്തു ചേരലാകും 2025 ഫെബ്രുവരിയില്‍ നടത്താന്‍ പോകുന്ന ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്‌സ് മീറ്റ്.

സംസ്ഥാനത്തിന്റെ ശേഷി കാട്ടുന്നതിനും വിജ്ഞാന അധിഷ്ഠിത വ്യവസായങ്ങളില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഇത് ഒരു അവസരമാണ് കേരളം രാജ്യത്തെ ഒന്നാമത്തെ സ്മാര്‍ട്ട് ഫോണ്‍ സംസ്ഥാനമായി മാറിക്കഴിഞ്ഞു. 100-ല്‍ 86 പേര്‍ മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റിയില്‍ ആയിട്ടുണ്ട്.

കേരളത്തെ പൂര്‍ണമായും രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഇതിന്റെ ഭാഗമാണ് രാജ്യത്തെ പ്രഥമ സ്റ്റാര്‍ട്ടപ്പ് അക്കാദമിയും ഡിജിറ്റല്‍ സര്‍വകലാശാലയും. എന്‍ജിനീയറിങ്ങ് കോളേജുകളില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ കൂടാതെ എ.ഐയുടെയും റോബോട്ടിക്‌സിന്റെയും അവസരങ്ങള്‍ തുറന്നു. തിരഞ്ഞെടുക്കപ്പെട്ട എന്‍ജിനീയറിങ്ങ് കോളേജുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അവരുടെ പുതിയ കണ്ടുപിടിത്തങ്ങളും പ്രോട്ടോടൈപ്പുകളും കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിലുണ്ടെന്ന് മന്ത്രി അറിയിച്ചു.

റോബോട്ടുകള്‍ മനുഷ്യ വിഭവശേഷിയെ മാറ്റി നിര്‍ത്തുന്നതിനുള്ളതല്ല. സഹായിക്കാനുള്ളതാണ്. ഒട്ടേറെ രംഗങ്ങളില്‍ ഇന്ന് റോബോട്ടുകളുടെ സേവനം ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന വിധത്തിലുള്ള മുന്നേറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

യോഗത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്് ഹരികിഷോര്‍ സ്വാഗതം ആശംസിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്നു. കെ എസ് ഐ ഡിസി ചെയര്‍മാന്‍ പോള്‍ ആന്റണി, സാങ്കേതിക വാഴ്‌സിറ്റി വിസി ഡോ. സജി ഗോപിനാഥ്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഇ ഒ അനൂപ് അംബിക എന്നിവര്‍ സംസാരിച്ചു. കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന റൗണ്ട് ടേബിളിന് വിവിധ റോബോട്ടിക്‌സ്, എ ഐ സംരംഭക പ്രതിനിധികള്‍ നേതൃത്വം നല്‍്്കി.

നൈപുണ്യ ശേഷി തിരിച്ചറിയുന്നതും ബോധവത്കരിക്കുന്നതും

റോബോട്ടിക് സ്റ്റാര്‍ട്ടപ് മേഖല നേരിടുന്ന വെല്ലുവിളികളെന്ന് വിദഗ്ധര്‍

മികച്ച നൈപുണ്യ ശേഷിയുള്ളവരെ തിരിച്ചറിയുന്നതും ഉപയോക്താക്കളെ ബോധവത്കരിക്കുന്നതുമാണ് റോബോട്ടിക് സ്റ്റാര്‍ട്ടപ് മേഖല പ്രാഥമിക ഘട്ടത്തില്‍ നേരിടുന്ന വെല്ലുവിളിയെന്ന് വിദഗ്ധര്‍. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ സംഘടിപ്പിച്ച റോബോട്ടിക് റൗണ്ട് ടേബിള്‍ സമ്മേളനത്തിലെ 'ഇന്നൊവേറ്റിങ് ഫ്യുച്ചര്‍-കേരളത്തിലെ റോബോട്ടിക്സ് മേഖലയിലെ മാര്‍ഗദര്‍ശികളും മുന്നോട്ടുവയ്ക്കുന്ന അത്യാധുനിക പരിഹാരങ്ങളും' എന്ന സെഷനിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

ഉത്പന്നത്തെക്കുറിച്ച് ഉപഭോക്താവിന് കൃത്യമായ അവബോധം നല്‍കുകയെന്നതും റോബോട്ടിക് സ്റ്റാര്‍ട്ടപ് മേഖലയില്‍ പുതുതായി വരുന്നവര്‍ക്ക് സാങ്കേതിക പ്രവര്‍ത്തനങ്ങളെ മികവുറ്റ രീതിയില്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നത് പ്രധാനമാണെന്ന് അസിമോവ് റോബോട്ടിക്സ് സിഇഒ ജയകൃഷ്ണന്‍ ടി പറഞ്ഞു. റോബോട്ടിക് മേഖലയില്‍ അഭിരുചിയുള്ള ചെറുപ്പക്കാരെ കണ്ടെത്തുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നത് സംസ്ഥാനത്തിന്റെ റോബോട്ടിക് ആവാസവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോബോട്ടിക് സ്റ്റാര്‍ട്ടപ്പുകളുടെ രൂപകല്‍പ്പന മുതല്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതു വരെ നിരവധി ഘട്ടങ്ങളിലെ പ്രതിബന്ധങ്ങളുണ്ടെന്ന് ശാസ്ത്ര റോബോട്ടിക്സ് സഹ സ്ഥാപകന്‍ അഖില്‍ അശോകന്‍ അഭിപ്രായപ്പെട്ടു.

ഗ്രിഡ്ബോട്ട് ടെക്നോളജീസ് സിടിഒ പുല്‍കിത് ഗൗര്‍, ഐ റൗവ് സിഇഒയും സ്ഥാപകനുമായ ജോണ്‍സ് ടി മത്തായി എന്നിവരും സംസാരിച്ചു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബിക സെഷനില്‍ മോഡറേറ്ററായിരുന്നു.

എല്ലാ മേഖലകളിലെയും യന്ത്രവത്കരണത്തിനും അപ്പുറത്തേക്ക് വ്യാപിച്ച് ദൈനംദിന ജീവിതത്തില്‍ റോബോട്ടുകള്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് റോബോട്ടിക് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അര്‍മഡ എഐ വൈസ് പ്രസിഡന്റ് പ്രാഗ് മിശ്ര പറഞ്ഞു. ദൈനംദിന ജീവിതത്തിലെ വിവിധ സേവനങ്ങള്‍ നല്‍കുന്ന റോബോട്ടുകളുടെ നിര്‍മ്മാണവും അവയുടെ പ്രവര്‍ത്തനസ്വാതന്ത്ര്യവും വിശ്വാസ്യതയ്ക്കും ഫലപ്രാപ്തിക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോബോട്ടുകളുടെ അഞ്ച് ബിസിനസ് മോഡലുകള്‍ റാസ് (റോബോട്ട് ആസ് സര്‍വീസ്), റയാസ് (റോബോട്ടിക് ഇന്‍സൈറ്റ്സ് ആസ് എ സര്‍വീസ്), ആര്‍ടിആസ് (റോബോട്ടിക് ടാസ്‌ക് ട്രെയിനിംഗ് ആസ് എ സര്‍വീസ്), മാസ് (റോബോട്ടിക് കണ്ടീഷന്‍ മോണിറ്ററിംഗ് ആസ് എ സര്‍വീസ്), എച്ച്ആര്‍ആസ് (ഹ്യുമന്‍ റെസ്‌കില്ലിംഗ് ആസ് എ സര്‍വീസ്) എന്നിവയാണെന്ന് ആക്സെഞ്ച്വര്‍ ഇന്‍ഡസ്ട്രിയല്‍ എഐ എംഡി ഡെറിക് ജോസ് പറഞ്ഞു. വാഹന സെന്‍സര്‍ ഡാറ്റ വിശകലനം ചെയ്യുന്നതിനും റൂട്ടുകള്‍ തിരിച്ചറിയുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വാഹന കമ്പനികള്‍ റയാസ് ഉപയോഗിക്കുന്നുണ്ട്. വെയര്‍ഹൗസ്, ഹെല്‍ത്ത് കെയര്‍, കാര്‍ഷിക മേഖലകളിലും റയാസ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 ജനുവരിയില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കു മുന്നോടിയായി വ്യത്യസ്ത മേഖലകള്‍ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളില്‍ രണ്ടാമത്തേതാണ് റോബോട്ടിക് സമ്മേളനം. 195 സ്റ്റാര്‍ട്ടപ്പുകളും 400 ലേറെ പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുത്തത്. എഐ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളാനും അതിന്റെ ഡെസ്റ്റിനേഷനായി മാറാനുമുള്ള കേരളത്തിന്റെ പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് റോബോട്ടിക് റൗണ്ട് ടേബിള്‍ സമ്മേളനം.

Trending

No stories found.

Latest News

No stories found.