തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയ്ക്കും എതിരേ കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ പൊലീസിന് പുതിയ തെളിവ് കിട്ടി. എംഎൽഎ ബസിൽ കയറിയതായി ബസിലെ കണ്ടക്റ്റർ ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തിയതാണ് തെളിവ്.
ട്രിപ്പ് മുടങ്ങിയതിന്‍റെ കാരണം കെഎസ്ആർടിസി ഡിപ്പോയിൽ ബോധിപ്പിക്കേണ്ടതിനാണ് ട്രിപ്പ് ഷീറ്റിൽ ഇത്തരം കാര്യങ്ങൾ രേഖപ്പെടുത്തുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് ബസ് വിടാൻ എംഎൽഎ ആവശ്യപ്പെട്ടതായും കണ്ടക്റ്റർ രേഖപ്പെടുത്തിയിട്ടുണ്ട്.
എംഎൽഎ ബസിൽ കയറിയതായി നേരത്തെ പൊലീസ് അന്വേണത്തിലും കണ്ടക്റ്റർ മൊഴി നൽകിയിരുന്നു. എന്നാൽ, ബസിൽ കയറിയെന്നല്ലാതെ, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല എന്നും അന്നു വ്യക്തമാക്കിയിരുന്നു.
മേയറും ഡ്രൈവറും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന കേസിൽ തെളിവെടുക്കാൻ മറ്റൊരു ബസും കാറും ഇതേ റൂട്ടിൽ ഓടിച്ചു നോക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ, കാറിന്‍റെ പിൻസീറ്റിൽ ഇരുന്നാലും ബസ് ഡ്രൈവർ ആഗ്യം കാണിക്കുന്നത് വ്യക്തമാകുമെന്ന് പൊലീസിനു ബോധ്യപ്പെടുകയും ചെയ്തു.
എംഎൽഎയും മേയറും കാർ കുറുകെയിട്ട് ബസ് തടഞ്ഞതായി യദു നൽകിയ പരാതിയാണ് രണ്ടാമത്തെ കേസ്. ഇതിനെല്ലാം തെളിവാകേണ്ട ബസിലെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടത് സംബന്ധിച്ച് മൂന്നാമത്തെ കേസും.