പൗരത്വ നിയമത്തില്‍ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു: എം.എം. ഹസന്‍

പൗരത്വ നിയമത്തില്‍ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു: എം.എം. ഹസന്‍

പൗരത്വഭേദഗതി നിയമ ബില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെതിരേ ആദ്യം തടസം ഉന്നയിച്ചത് ഡോ ശശി തരൂരാണ്
Published on

തിരുവനന്തപുരം: രാഹുല്‍ഗാന്ധി പൗരത്വനിയമത്തിനെതിരേ ഒന്നും പറയുന്നില്ലെന്ന് പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അസത്യം മാത്രം പറയുന്ന കേരള ഗീബല്‍സാണെന്ന് കെപിസിസി ആക്റ്റിങ് പ്രസിഡന്‍റ് എം.എം. ഹസന്‍.

പൗരത്വഭേദഗതി നിയമത്തിനെതിരേ പോരാടിയതിന് രാഹുല്‍ ഗാന്ധിക്കെതിരേ 8 സംസ്ഥാനങ്ങളിലായി 18 ക്രിമിനല്‍ കേസുകള്‍ ഉണ്ട്. പൗരത്വനിയമ ഭേദഗതിക്കെതിരേ പോരാടുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേരളത്തിലോ പുറത്തോ ഒരു കേസുപോലുമില്ല. പിണറായി വിജയനെതിരേ ഒരു കേസുകൊടുക്കാന്‍, എന്തിന് ഒരു പരാതി കൊടുക്കാന്‍ പോലും സംഘപരിവാറുകാര്‍ തയാറുമല്ലെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വഭേദഗതി നിയമ ബില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെതിരേ ആദ്യം തടസം ഉന്നയിച്ചത് ഡോ ശശി തരൂരാണ്. യുഡിഎഫ് എംപിമാര്‍ ഇതിനെതിരേ രംഗത്തുവന്നതിന്‍റെ രേഖകള്‍ പക്കലുണ്ട്. എന്നാല്‍ ബില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ കേരള എംപിമാര്‍ വിരുന്നിനുപോയെന്നാണ് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നത്. പൗരത്വനിയമഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പ്രതിക്കൂട്ടിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ചീറ്റിപ്പോയി. കര്‍ണാടക, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, അസം, ഡല്‍ഹി, ഗുജറാത്ത്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രാഹുലിനെതിരേ കേസുകളുള്ളത്. ബിജെപിക്കും സംഘപരിവാരങ്ങള്‍ക്കുമെതിരേ രാഹുല്‍ നടത്തിയ ഉജ്വലമായ പോരാട്ടങ്ങളാണ് അവരെ കേസെടുക്കാന്‍ പ്രേരിപ്പിച്ചത്. പൗരത്വഭേദഗതി നിയമം, കര്‍ഷക സമരം, മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരേ നടന്ന വേട്ട തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിയതിനാണ് കേസുകളെന്നും ഹസന്‍പറഞ്ഞു.