കോഴിക്കോട്: താമരശ്ശേരി അടിവാരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ഷോപ്പ് ഉടമ ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയിൽ നിന്നുമാണ് ഹർഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഹർഷാദിനെ ഇറക്കി വിടുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.45 ഓടെ ഇറക്കി വിട്ട സമീപത്തെ കടയിൽ കയറി ഫോൺ വാങ്ങി ഹർഷാദ് പിതാവിന്‍റെ ഫോണിലേക്ക് വിളിച്ചത്. ഹര്‍ഷാദ് വിളിച്ച വിവരം ബന്ധുക്കൾ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു
കോഴിക്കോട് മൂഴിക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന ചെറുപറ്റ സ്വദേശിയായ ഹര്‍ഷാദിനെ തന്‍റെ കാര്‍ തടഞ്ഞുനിര്‍ത്തി വെള്ളിയാഴ്ച രാത്രിയാണ് തട്ടികൊണ്ടുപോവുന്നത്. അടിവാരത്തെ ഭാര്യവീട്ടിലായിരുന്ന ഹര്‍ഷദ് രാത്രി 12ഓടെ ആരുടെയോ ഫോൺ വന്ന് പുറത്തേക്ക് പോയശേഷം തിരികെ വന്നില്ലെന്നും വിട്ടു കിട്ടണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ശനിയാഴ്ച രാവിലെ താമരശ്ശേരി പൊലീസില്‍ പരാതി നൽകിയിരുന്നു.
എന്നാൽ ശനിയാഴ്ച രാവിലെയും രാത്രിയും ഭാര്യ ഫോണ്‍ വിളിച്ചപ്പോള്‍ മലപ്പുറത്താണെന്നും കൂടെയുള്ളവര്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു മറുപടി. ഹര്‍ഷാദിന്‍റെ കാറ് മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന നിലയില്‍ ഉപേക്ഷിച്ച നിലയില്‍ അമ്പായത്തോട് എല്‍ പി സ്‌കൂളിന്‍റെ പിന്നില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹർഷദിന് കാരാടി സ്വദേശിയുമായി 10 ലക്ഷം രൂപയുടെ ഇടപാടുണ്ടായിരുന്നെന്നും ഇത് തിരികെ കിട്ടാനാകാം തട്ടികൊണ്ടു പോയതെന്നാണ് പൊലീസിന്‍റെ നിഗമനം.