തിരുവനന്തപുരം: കെഎസ്ആർടിസിയെ ശക്തിപ്പെടുത്തുന്നതിന് രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനിയുടെ പുത്തൻ 131 സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രാവിലെ 11.30 ന് തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ രജിസ്റ്റ്രേഷൻ പൂർത്തിയാക്കിയെത്തിച്ച ബസുകളാണ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്.
പുതിയ ബസ് എത്തുന്നതോടെ കാലപ്പഴക്കമുള്ള സൂപ്പർ ഫാസ്റ്റ് ബസുകൾ ഓർഡിനറികളായി മാറ്റും. ദീർഘദൂര യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ കെട്ടിലും മട്ടിലും നിരവധി പരിഷ്ക്കാരങ്ങളുമായാണ് കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പുത്തൻ സൂപ്പർഫാസ്റ്റ് ബസുകൾ തയാറാക്കിയിരിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി മുൻവശത്തും പിൻവശത്തും 360 ഡിഗ്രി കാമറ, എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, പാനിക് ബട്ടൺ, യാത്രക്കാർക്ക് നിർദേശങ്ങൾ നൽകാൻ മൈക്ക് അനൗൺസ്മെന്റ്, ജിപിഎസ്, 3 എമർജൻസി വാതിലുകൾ, സൗകര്യപ്രദമായ സീറ്റുകൾ ഇങ്ങനെ നീളുന്നു പുതിയ സൂപ്പർ ഫാസ്റ്റ് ബസുകളുടെ സവിശേഷതകൾ. 38 ലക്ഷം രൂപയാണ് ഒരു ബസിന്റെ ചെലവ്.
കിഫ്ബി കെഎസ്ആർടിസിക്ക് അനുവദിച്ച ഫണ്ട് മുഖേനയാണ് 131 ബസുകൾ വാങ്ങിയത്. അശോക് ലെയ്ലാന്ഡിന്റെ 12 മീറ്റർ ഷാസിയിൽ എസ്.എം. പ്രകാശ് എന്ന ബംഗളുരു ആസ്ഥാനമായ പ്രമുഖ കമ്പനിയാണ് ബോഡി നിർമിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും ഉൾപ്പെടെ മൂന്ന് 360 ഡിഗ്രി കാമറകളാണ് ബസില് ഘടിപ്പിച്ചിരിക്കുന്നത്. അപകടങ്ങൾ പരമാവധി കുറയ്ക്കാനും അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിക്കാനും ഈ സംവിധാനം സഹായിക്കും. നിലവിൽ സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസുകളുടെ നീളം 11 മീറ്ററും സീറ്റുകളുടെ എണ്ണം 52ഉം ആണ്. പുതിയ ബസിൽ 55 സീറ്റുകളാണുള്ളത്. എയർ സസ്പെൻഷനുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.