കോട്ടയം: യുഡിഎഫിലുള്ള കേരള കോൺഗ്രസ് വൈകാതെ ഇല്ലാതാകും എന്നുള്ള കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രസ്താവന ഒരിക്കലും നടക്കില്ലാത്ത സ്വപ്നം മാത്രമാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. കേരള കോൺഗ്രസ് എമ്മിന്റെ പേരിൽ കാഞ്ഞങ്ങാട്ട് പുറപ്പെടുവിച്ച പ്രസ്താവനയ്ക്ക് മറുപടിയിലാണ് മോൻസ് ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം പരാജയപ്പെടുന്നതോടുകൂടി ആ പാർട്ടിയുടെ അടിത്തറ ഇളകുമെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ജൂൺ 4ന് പുറത്തുവരുമ്പോൾ ഇടതുപക്ഷത്തേക്ക് കാലു മാറിപ്പോയ ജോസ് കെ മാണി വിഭാഗത്തിന്റെ തകർച്ചയാണ് സംഭവിക്കാൻ പോകുന്നതെന്നും മോൻസ് മുന്നറിയിപ്പ് നൽകി. കേരള കോൺഗ്രസ്(എം) ഇടതുപക്ഷത്തിനൊപ്പം ചേർന്നതിനു ശേഷം മധ്യതിരുവിതാംകൂറിൽ ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായുള്ള കേരള കോൺഗ്രസ് എം വിഭാഗത്തിന്റെ പ്രസ്താവനയും യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ല.
മധ്യതിരുവിതാംകൂറിൽ യുഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്താൻ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് കേരളമെമ്പാടും കേരള കോൺഗ്രസ് അണികളുടെയും കർഷക ജനതയുടേയും കരുത്തുറ്റ പിന്തുണ തെളിയിക്കുന്ന മുന്നേറ്റമാണ് ഭാവി രാഷ്ട്രീയത്തിൽ കാണാൻ പോകുന്നതെന്നും മോൻസ് ജോസഫ് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നു കഴിയുമ്പോൾ യുഡിഎഫിൽ അടിയുറച്ച നിലപാട് സ്വീകരിച്ച മുന്നണിയിലെ മുതിർന്ന നേതാവ് പി.ജെ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം യഥാർഥ കേരള കോൺഗ്രസ് ആയി മാറുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.