കൊച്ചി: വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ. ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു. 2024 ജൂലൈ 15 മുതൽ ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതൽ ആരംഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ കൂട്ടിച്ചേർക്കൽ ലക്ഷ്യമിടുന്നു.
കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം 1 ലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചതിനാലാണ് കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാൻ കെഎംആർഎൽ അതിന്‍റെ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടികൾ തുടങ്ങിയത്.
നിലവിൽ, രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള ഹെഡ് വേ 7 മിനിറ്റും 45 സെക്കൻഡാണ്. പുതിയ ഷെഡ്യൂൾ വരുന്നതോടെ ഈ ഹെഡ് വേ വെറും 7 മിനിറ്റായി ചുരുങ്ങും.