പ്ലസ്ടു: മലപ്പുറത്തും കാസർഗോട്ടും 138 അധിക ബാച്ചുകൾ അനുവദിച്ചു

മലപ്പുറം ജില്ലയില്‍ 120 അധിക ബാച്ചുകളും കാസര്‍ഗോഡ് ജില്ലയില്‍ 18 സ്കൂളുകളില്‍ 18 താല്‍ക്കാലിക ബാച്ചും അനുവദിച്ചു.
school kids
school kidsfile
Updated on

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ചുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഉള്‍പ്പെടെയുള്ള മുഖ്യ അലോട്ട്മെന്‍റുകള്‍ കഴിഞ്ഞപ്പോഴും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തിനായാണ് ആ ജില്ലകളില്‍ താത്കാലിക അധിക ബാച്ചുകള്‍ അനുവദിച്ചത്.

മലപ്പുറം ജില്ലയില്‍ 120 അധിക ബാച്ചുകളും കാസര്‍ഗോഡ് ജില്ലയില്‍ 18 സ്കൂളുകളില്‍ 18 താല്‍ക്കാലിക ബാച്ചും അനുവദിച്ചു. താല്‍ക്കാലിക ബാച്ച് അനുവദിക്കുന്നതില്‍ സര്‍ക്കാരിന് 14 കോടിയുടെ അധിക ബാധ്യതയുണ്ട്.

മലപ്പുറത്ത് ഹ്യുമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. കൊമേഴ്സ് കോമ്പിനേഷനില്‍ 61 ബാച്ചുകളും അനുവദിച്ചു. കാസര്‍ഗോഡ് ഒരു സയന്‍സ് ബാച്ചും 4 ഹ്യുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്സ് ബാച്ചുകളും അനുവദിച്ചു.

ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിച്ച അപേക്ഷകളും ലഭ്യമായ സീറ്റുകളും വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ താലൂക്കുകളില്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അടിയന്തിരമായി അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ ജില്ലയിലെ 85 സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ പരിശോധിച്ചതില്‍ 74 സ്കൂളുകളില്‍ സൗകര്യം ഉണ്ടെന്നു കണ്ടെത്തി. പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുന്ന കാര്യത്തില്‍ ഗവ. വിദ്യാലയങ്ങള്‍ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. അതേസമയം ഇത്രയും ബാച്ചുകള്‍ അനുവദിച്ചതില്‍ പ്രശ്നം പരിഹരിക്കാന്‍ ആകില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Trending

No stories found.

Latest News

No stories found.