ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ അതൃപ്തി വ്യക്തമാക്കി അമ്മ ഷീല. പട്ടാളം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോൾ ആ പ്രതീക്ഷ ഇല്ലാതായി, മകനെ ജീവനോടെ ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഷീല മാധ്യമങ്ങളോട് പറഞ്ഞു. അഭിമാനത്തോടെയാണ് പട്ടാളത്തെ കണ്ടിരുന്നത്. ആ പ്രതീക്ഷ തെറ്റി. പട്ടാളത്തെ കൊണ്ടു വന്നത് പ്രഹസനമാണ്. ടണൽ ദുരന്തത്തിൽ ആളുകളെ രക്ഷിക്കാൻ നടത്തിയ പോലുള്ള ഇടപെടലാണ് പ്രതീക്ഷിച്ചത്. എന്നാൽ ഉപകരണങ്ങൾ ഇല്ലാതെയാണ് അവർ എത്തിയത്.
അവിടെ വാഹനം ഇല്ല എന്നു തെളിയിക്കേണ്ടത് ആരുടെയൊക്കെയോ അഭിമാനപ്രശ്നമായി മാറിയിട്ടുണ്ട് എന്നാണ് സംശയം. വാഹനത്തിന്‍റെ മുതലാളിമാരും ഡ്രൈവർമാരും എല്ലാം അവിടെയുണ്ട്. ആരെയും കയറ്റിവിടുന്നില്ല.
അർജുൻ വീണിരിക്കാൻ സാധ്യതയുള്ള ഒരു കുഴി മണ്ണിട്ടു മൂടിയെന്നാണ് അറിയാൻ കഴിഞ്ഞത്. സഹനത്തിന്‍റെ അങ്ങേയറ്റമെത്തി. ഉദ്യോഗസ്ഥർ ഇപ്പോൾ തങ്ങളുമായി ബന്ധപ്പെടുന്നില്ലെന്നും ഷീല പറഞ്ഞു.