നെടുങ്കണ്ടം: എം.എം. മണിയുടെ വിവാദ സ്ഥലം മാറ്റ പരാമർശത്തിൽ പ്രതിഷേധവുമായി നെടുങ്കണ്ടം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയാണ് ഇവർ പ്രതിഷേധം പ്രകടിപ്പിച്ചത്. കേരള അസിസ്റ്റന്‍റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിന്‍റെ ഭാഗമായി സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫിസിൽ നിന്നും തപാൽ വഴി എം.എം. മണിക്ക് വിയോജനക്കുറിപ്പ് അയക്കാനും തീരുമാനമായി.
പരാമർശത്തിനു പിന്നാലെ നെടുങ്കണ്ടത്തെ 3 വെഹിക്കിൾ ഇൻസ്പെക്‌ടർമാരെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഇത് വകുപ്പു തല ജനറൽ ട്രാൻസ്ഫറിന്‍റെ ഭാഗമാണെന്നും വിവാദവുമായി ഇതിന് ബന്ധമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
സിഐടിയു ഡ്രൈവേഴ്സ് യൂണിയൻ നെടുങ്കണ്ടം ആർടി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യവെയായിരുന്നു എം.എം. മണിയുടെ വിവാദ പരാമർശം. ''ഡ്യൂട്ടിയിൽ രാഷ്ട്രീയമെടുത്താൽ ഞങ്ങളുമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിച്ചിരിക്കില്ല. എന്തെങ്കിലും കേസെടുക്കുക, എന്നിട്ട് പിണറായി വിജയന്‍റെ പേര് പറയുക. സർക്കാരിന് മുതലുണ്ടാക്കാനാണെന്ന് പറയുക. സർക്കാർ നിന്നോടൊക്കെ കൊള്ളയടിക്കാൻ പറഞ്ഞോ? നിന്‍റെയൊക്കെ അമ്മയെയും പെങ്ങൻമാരെയും കൂട്ടിക്കൊടുക്കാൻ പറഞ്ഞോ? സർക്കാരിന് ന്യായമായ നികുതി കൊടുക്കണം. നികുതി പിരിക്കാൻ സംവിധാനങ്ങൾ ഉണ്ട്'' എന്നായിരുന്നു എം.എം. മണിയുടെ പരാമർശം.