സത്യനാഥന്‍റെ കൊലപാതകം; ആർഎസ്എസിനെതിരായ സിപിഎം പ്രചരണത്തിൽ നിയമനടപടിയിലേക്കെന്ന് എം.ടി. രമേശ്

'കിഴടങ്ങിയ അഭിലാഷ് നേരത്തെ പല ഓപ്പറേഷനും സിപിഎം ഉപയോഗിച്ച വ്യക്തിയാണ്'
MT Ramesh
MT Rameshfile
Updated on

കോഴിക്കോട്: കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥന്‍റെ കൊലപാതകം ആർഎസ്എസിന്‍റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കിയ സിപിഎം നേതാക്കൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് എം.ടി. രമേശ്. ഇന്നു തന്നെ പൊലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്നും കലാപം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കോഴിക്കോട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഫെയ്സ് ബുക്കിൽ ആർഎസ്എസിനെതിരേ കുറിച്ചത് അബദ്ധമല്ല, മറിച്ച് ഒരു രക്ഷസാക്ഷിയെ കൂടി ഉണ്ടാക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമത്തിന്‍റ ഭാഗമാണെന്നും എം.ടി. രമേശ് പറഞ്ഞു. മുൻപും സിപിഎം ഇത്തരത്തിൽ രക്തസാക്ഷികളെ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അവർക്കെതിരേ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം നടന്ന് കുറച്ചു സമയത്തിനുള്ളിൽ തന്നെ ആർഎസ്എസിനെതിരേ നേതാക്കൾ‌ പരസ്യമായി രംഗത്തു വന്നു. ഇതേ തുടർന്ന് കൊലവിളി പ്രകടനങ്ങളും നടത്തി. പ്രതി കീഴടങ്ങിയില്ലായിരുന്നെങ്കിൽ ജില്ലയിൽ കലാപമുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി വില‍യിരുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഴടങ്ങിയ അഭിലാഷ് നേരത്തെ പല ഓപ്പറേഷനും സിപിഎം ഉപയോഗിച്ച വ്യക്തിയാണ്. ഇപ്പോള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്നതിന്‍റെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നില്‍. യുവമോര്‍ച്ച നേതാവിന്‍റെ വീട് ആക്രമിച്ച കേസില്‍ പ്രതിയാണ് അഭിലാഷെന്നും എം.ടി. രമേശ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.