MT Vasudevan Nair
MT Vasudevan Nair

എംടി ലക്ഷ്യമിട്ടത് ആരെ?

വിമർശനമെന്ന് പ്രതിപക്ഷം, ഞങ്ങളെയല്ലെന്നു സിപിഎം

കേരള സാഹിത്യോത്സവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ എം.ടി. വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ കുരുങ്ങി സിപിഎമ്മും സർക്കാരും. വിമർശനം സർക്കാരിനെ ലക്ഷ്യമിട്ടെന്ന് സാഹിത്യ- സാംസ്കാരിക മേഖലകളിലുള്ളവരും പ്രതിപക്ഷവും പറയുമ്പോൾ തങ്ങളെയല്ല പറഞ്ഞതെന്ന വിശദീകരണവുമായി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണു സിപിഎം.

അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിവെട്ടിമൂടിയെന്നുമാ‍യിരുന്നു എംടിയുടെ വിമർശനം. ആൾക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിമർശിക്കുകയല്ല, ചില യാഥാർഥ്യങ്ങളാണ് പറഞ്ഞതെന്ന് എം.ടി. തന്നോടു പറഞ്ഞതായി എഴുത്തുകാരൻ എൻ.ഇ. സുധീർ അറിയിച്ചതോടെയാണു വിവാദം കൊഴുത്തത്. പറയണമെന്നു തോന്നി. പറഞ്ഞു, അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത് എന്നും എംടി പറഞ്ഞതായി സുധീർ സമൂഹമാധ്യമത്തിൽ കുറിച്ചു.

അതേസമയം, എം.ടി പറഞ്ഞത് കേന്ദ്രത്തേക്കുറിച്ചെന്ന് ഇ.പി.ജയരാജന്‍ ആവര്‍ത്തിച്ചപ്പോള്‍ പരാമര്‍ശത്തെ വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാനും ലോകത്തെ പലകാര്യങ്ങള്‍ വച്ചാണ് എം.ടി പറഞ്ഞതെന്ന് കെ.എന്‍.ബാലഗോപാലും പറഞ്ഞു. എന്നാല്‍ എംടി ഉദ്ദേശിച്ചതെന്താണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ പ്രതികരണം.

സിപിഎമ്മിനും സർക്കാരിനുമെതിരേ: എൻ.എസ്. മാധവൻ

NS Madhavan
NS Madhavan

എം.ടി. വാസുദേവൻനായർ വിമർശിച്ചത് സിപിഎമ്മിനെയും സർക്കാരിനെയുമാണെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. എം.ടി ഒരുക്കിയത് ഒരു വലിയ അവസരമാണ്. ആ വിമർശനം ഉൾക്കൊണ്ട് ആത്മ പരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാധവൻ പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എംടി പറഞ്ഞത് ഇഎംഎസിന്‍റെ ഉദാഹരണമാണ്. ഇഎംഎസിന്‍റെ അജൻഡ അപൂർണമാണ്. ഒരു ആൾക്കൂട്ടത്തെ സമൂഹമാക്കുന്നതിൽ ഇഎംഎസ് എങ്ങനെ ശ്രമിച്ചെന്നാണ് അടിവരയിട്ട് പറഞ്ഞത്. എം.ടി വലിയൊരു അവസരമാണ് തന്നിട്ടുള്ളത്. ഇതിനെ ശരിയായ അർഥത്തിൽ സ്വീകരിക്കണമെന്നും മാധവൻ.

എംടിയെ തെറ്റായി വ്യഖ്യാനിക്കുന്നു: അശോകൻ ചരുവിൽ

Ashokan Charuvil
Ashokan Charuvil

രാജ്യത്ത് രൂപപ്പെട്ടു വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള എംടിയുടെ നിരീക്ഷണങ്ങൾ വേദിയിൽ ഉദ്ഘാടകനായി എത്തിയ സംസ്ഥാന മുഖ്യമന്ത്രിക്ക് എതിരായിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കാനുള്ള ഒരു നികൃഷ്ട മാധ്യമശ്രമം നടന്നു കാണുന്നുവെന്ന് അശോകൻ ചരുവിൽ. ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രമാണത്. അതിൽ അത്ഭുതമില്ല. അധികാരമെന്നാൽ സംസ്ഥാന സർക്കാരും മറ്റു തദ്ദേശിയ ഗവണ്മെന്‍റുകളുമാണ് എന്ന് സ്ഥാപിച്ച് ഇന്ത്യക്കുമേൽ ഭീകരാധികാരം പ്രയോഗിക്കുന്ന ബ്രാഹ്മണിസ്റ്റ് ഫാസിസത്തേയും അതിന്‍റെ നേതാവായ നരേന്ദ്രമോദിയെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ അടിമമാധ്യമങ്ങൾ നടത്താൻ തുടങ്ങിയിട്ട് കുറച്ചു കാലമായെന്ന് അശോകൻ ചരുവിൽ കുറ്റപ്പെടുത്തി.

അന്നുതന്നെ എം.ടി. തന്‍റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെ രംഗത്തുവന്നു. ഒരു മുതിർന്ന എഴുത്തുകാരന് പ്രസംഗത്തിന്‍റെ സത്യാവസ്ഥ എന്തെന്ന് വിശദീകരിക്കേണ്ടി വന്നു എന്നത് മലയാളി എന്ന നിലക്ക് നമുക്ക് അപമാനമാണ്.

വഴിയിലൂടെ പോകുന്ന എന്തിനെയും പിണറായി വിജയനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ വലതുമാധ്യമങ്ങളെന്നും അദ്ദേഹം കുറിച്ചു.

അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും: ചെന്നിത്തല

ramesh chennithala
ramesh chennithala

എം.ടി. വാസുദേവൻ നായർ പറഞ്ഞ കാര്യം വളരെ കാലികപ്രാധാന്യമുള്ളതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരാധവൃന്ദത്തിന്‍റെയും സ്തുതിപാഠകരുടെയും മുന്നിലല്ല നമ്മൾ നിൽക്കേണ്ടത്. യഥാർഥത്തിൽ ജനങ്ങളോടൊപ്പം, ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പം, നാടിന്‍റെ പ്രശ്നങ്ങളോടൊപ്പം നാടിനെ സ്നേഹിക്കുന്ന, നാടിനെ സേവിക്കുന്ന പ്രവർത്തനത്തോടൊപ്പം നിൽക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നരേന്ദ്ര മോദിയെപ്പറ്റിയും പിണറായി വിജയനെപ്പറ്റിയും പറഞ്ഞ കാര്യങ്ങളാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും. അവരാണ് ഇത് ശ്രദ്ധിക്കേണ്ടത്. എം‌ടി ഉന്നം വെയ്ക്കുന്നത് ഈ രണ്ടു ഭരണാധികാരികളെയുമാണ്. ഇ എം എസ് വേറിട്ട രീതിയിൽ പ്രവർത്തിച്ച ഒരു നേതാവാണ്. അദ്ദേഹത്തിനെ മാതൃകയാക്കാൻ കമ്യൂണിസ്റ്റ് നേതാക്കന്മാർ വരുന്നില്ല എന്ന് എം ടി ഭംഗിയായി പറഞ്ഞുവച്ചിരിക്കുന്നു. സാഹിത്യ നായകന്മാർ ആദ്യമൊക്കെ സംസാരിച്ചിരുന്നു. ഇപ്പോൾ ഭയം മൂലം മൗനമാണെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ ഏകാധിപതികൾക്കുമെതിരേ: കെ. സുധാകരൻ

K. Sudhakaran
K. Sudhakaranfile image

എം.ടി. വാസുദേവന്‍ നായരുടെ പ്രസംഗം നരേന്ദ്ര മോദിക്കെതിരേയാണെന്നും അതിന് മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമില്ലെന്നുമുള്ള ഇടതുപക്ഷ കണ്‍വീനര്‍ ഇ.പി. ജയരാജന്‍റെ പ്രസ്താവന കൊട്ടാരം വിദൂഷകന്‍ എന്ന നിലയ്ക്കാണെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. പിണറായി സ്തുതിപാഠകരുടെ സംഘനേതാവാണ് ജയരാജന്‍. എല്ലാ ഏകാധിപതികള്‍ക്കെതിരേയും ഉയര്‍ന്ന മാനവരാശിയുടെ നിലവിളിയാണ് എംടിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. അതില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കുവേണ്ടിയാണ് മോദിയും പിണറായിയും തമ്മില്‍ മത്സരിക്കുന്നത്. താന്‍ മലയാളത്തിലാണ് സംസാരിച്ചതെന്നും മലയാളം അറിയാവുന്നവര്‍ക്കെല്ലാം താന്‍ പറഞ്ഞത് മനസിലാകുമെന്നും എംടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുകളില്‍ കയറിയൊരു ഭാഷ്യം നൽകാന്‍ ശ്രമിക്കുന്നത് കൊട്ടാരം വിദൂഷകന്‍റെ ചുമതലയാണെന്ന് സുധാകരന്‍.

കേരള സമൂഹത്തിന്‍റെ വികാരം: കെ. സുരേന്ദ്രൻ

k surendran respond on legue cpm issue
k surendran respond on legue cpm issue

ഇഎംഎസിനെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംടി വാസുദേവൻ നായർ നടത്തിയ വിമർശനം കേരള സമൂഹത്തിന്‍റെ വികാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയനെ വേദിയിലിരുത്തി ഭരണാധികാരികൾ ജനസേവനമാണ് ചെയ്യേണ്ടതെന്ന എംടിയുടെ ഉപദേശം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ്. വ്യക്തിപൂജ കമ്യൂണിസ്റ്റുകാർ എതിർക്കുന്നതാണെന്ന് പറയുമ്പോൾ കേരളത്തിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് വ്യക്തിപൂജ നടത്തുകയാണ് അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ ചെയ്യുന്നത്. ഈ ഇരട്ടത്താപ്പിനെയാണ് എംടി ചോദ്യം ചെയ്തിരിക്കുന്നത്. എംടിയുടെ ശബ്ദം കേരള ജനത ഏറ്റെടുക്കുമെന്നുറപ്പാണ്.

Trending

No stories found.

Latest News

No stories found.